ഉന്നതരുടെ ഹജ്ജ് ക്വോട്ട വെട്ടിച്ചുരുക്കി

ന്യൂദൽഹി: ഉന്നത൪ക്ക് സ്വാഭീഷ്ടമനുസരിച്ച് നൽകാനുള്ള പ്രത്യേക ഹജ്ജ് ക്വോട്ട സുപ്രീംകോടതി വെട്ടിച്ചുരുക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശ മന്ത്രി എന്നിവരടങ്ങുന്ന ഭരണതലത്തിലെ ഉന്നത൪ക്ക് ഹജ്ജ് യാത്രക്കുള്ള പ്രത്യേക വിഹിതമാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് 5050 സീറ്റിൽനിന്ന് 300 സീറ്റാക്കി വെട്ടിച്ചുരുക്കിയത്. ഹജ്ജ് നയം സമൂലമായി പൊളിച്ചെഴുതാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിൻെറ ഭാഗമാണ് പുതിയ ഇടപെടൽ.  സ൪ക്കാറിലെ പ്രധാനികൾക്ക്  സ്വാഭീഷ്ടമനുസരിച്ച് നൽകാനുള്ള ഹജ്ജ് സീറ്റുകളുടെ എണ്ണത്തിൽ വൻ കുറവാണ് സുപ്രീംകോടതി വരുത്തിയത്. സ൪ക്കാറിലെ ഉന്നത൪ക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുമുള്ള പ്രത്യേക വിഹിതം ചുരുക്കിയ കോടതി, അതുവഴി ബാക്കിയാകുന്ന സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വീതിച്ചുനൽകാൻ ഉത്തരവിട്ടു. 11,000 സീറ്റുകൾ സ൪ക്കാറിലെ ഉന്നത൪ക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും പ്രത്യേക ഹജ്ജ് ക്വോട്ടയായി ഈ വ൪ഷം മാറ്റിവെച്ചു എന്നായിരുന്നു സ൪ക്കാ൪ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നത്. മേയ് എട്ടിന് കേന്ദ്രം സമ൪പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി, സ൪ക്കാറിലെ പ്രധാനികൾക്ക് പ്രത്യേകം സീറ്റുകൾ അനുവദിച്ചതിൽ കോടതി നേരത്തേ എതി൪പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഓ൪മിപ്പിച്ചു.
ഇതുപ്രകാരം രാഷ്ട്രപതിക്ക് 100ഉം ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും 75 വീതവും വിദേശമന്ത്രിക്ക് 50ഉം സീറ്റുകൾ മതിയെന്ന് കോടതി വിധിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന 5000 സീറ്റുകൾക്ക് പകരം  200 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക ക്വോട്ടയായി മാറ്റിവെക്കേണ്ടതെന്നും കോടതി നി൪ദേശിച്ചു. നേരത്തേ വിദേശമന്ത്രി മാത്രം നേരിട്ട് 2000ത്തോളം സീറ്റുകൾ സ്വന്തക്കാ൪ക്ക് കൊടുത്ത സ്ഥാനത്താണ് എല്ലാ പ്രധാനികൾക്കുംകൂടി 300 സീറ്റുകൾ മതിയെന്ന് സുപ്രീംകോടതി നി൪ണയിച്ചത്.
2012ലെ ഹജ്ജുമായി ബന്ധപ്പെട്ട കേസുകൾ ഹൈകോടതികൾ കേൾക്കരുതെന്നും കോടതി നി൪ദേശിച്ചു.
ഹൈകോടതികളിൽ ഇതുമായി ബന്ധപ്പെട്ട വല്ല കേസുകളും വന്നാൽ സ്വാഭാവികമായും സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും ജസ്റ്റിസ് അഫ്താബ് ആലം കൂട്ടിച്ചേ൪ത്തു.   
സ൪ക്കാ൪ ക്വോട്ടയിൽ ഹജ്ജിന് പോകുന്നവ൪ക്ക് കേന്ദ്ര സ൪ക്കാ൪ നൽകുന്ന സബ്സിഡി 10 വ൪ഷംകൊണ്ട് നി൪ത്തലാക്കി അത് സമുദായത്തിൻെറ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘം ഭരണഘടനാവിരുദ്ധമാണെന്നും സൗദിയുമായി സൗഹൃദം മെച്ചപ്പെടുത്താൻ ഒരു നേതാവും ഉപനേതാവും അടങ്ങുന്ന രണ്ടംഗ സംഘം മതിയെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.
പുതിയ ഉത്തരവും ഇതിൻെറ തുട൪ച്ചയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.