പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വില്‍പനക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധം

കൊല്ലം: ട്രോളിങ് നിരോധകാലയളവിൽ നീണ്ടകര തുറമുഖത്ത് മാത്രം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മത്സ്യവിപണനത്തിന് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മറ്റ് മത്സ്യബന്ധന തുറമുഖങ്ങളിൽ ട്രോളിങ് നിരോധസമയത്ത് പരമ്പരാഗത തൊഴിലാളികളെ മത്സ്യക്കച്ചവടത്തിന് അനുവദിക്കുന്നുണ്ട്. നീണ്ടകരയിലെ നിരോധത്തിന് പിന്നിൽ ബോട്ടുടമകളുമായും മത്സ്യകയറ്റുമതി മേഖലയുമായും ബന്ധപ്പെട്ട ചിലരാണെന്ന് നീണ്ടകര ഫിഷിങ് ഹാ൪ബ൪ മത്സ്യത്തൊഴിലാളി സംരക്ഷണസമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ 25 വ൪ഷമായി ട്രോളിങ് നാളുകളിൽ  നീണ്ടകരതുറമുഖത്ത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ അടുക്കാനും വിപണനം ചെയ്യാനും അനുവദിക്കാറില്ല. അനുമതി നൽകിയാൽ ക്രമസമാധാനപ്രശ്നമുണ്ടാവുമെന്ന് ചില൪ പ്രചരിപ്പിക്കുന്നു. നീണ്ടകരയിൽ വള്ളം അടുക്കാനാവാത്തതിനാൽ ഇവിടെനിന്ന്  കടലിൽ പോകുന്ന വള്ളങ്ങൾ മറ്റ് ഹാ൪ബറുകൾ തേടേണ്ട സാഹചര്യമാണ്. എന്നാൽ   അവിടെ രാവിലെ ഒമ്പതിന് ശേഷമേ നീണ്ടകര നിന്നുള്ള വള്ളങ്ങൾക്ക് മത്സ്യം ഇറക്കാൻ അനുമതി കിട്ടൂ. പക്ഷേ ഇതിനുശേഷം കാര്യമായ വിൽപന നടക്കാത്തതിനാൽ   കേടാവുന്ന മത്സ്യം കുറഞ്ഞ വിലയ്ക്ക് വളം നി൪മാണ യൂനിറ്റുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. പ്രശ്നപരിഹാരത്തിന് കഴിഞ്ഞ ജൂണിൽ കലക്ട൪ യോഗം വിളിച്ചെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. 15000 ത്തോളം പരമ്പരാഗത തൊഴിലാളികളാണ് ട്രോളിങ് കാലത്തെ നീണ്ടകരയിലെ വിപണനനിരോധം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന നിരവധി തൊഴിലാളികൾക്കും തൊഴിൽ നഷ്ടമുണ്ടാവുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നഭ്യ൪ഥിച്ച് മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  ചീഫ് വിപ്പ് പി.സി.ജോ൪ജിന് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി വിഷയം ച൪ച്ചചെയ്യാമെന്നും 21 ന് നീണ്ടകര സന്ദ൪ശിക്കുമെന്നും പി.സി.ജോ൪ജ്  അറിയിച്ചിട്ടുണ്ട്. വാ൪ത്താസമ്മേളനത്തിൽ സമിതി ചെയ൪മാൻ കല്ലട ദാസ്, കൺവീന൪ എസ്.കൃഷ്ണൻ, രമേശ് വെള്ളനാതുരുത്ത് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.