ഇ.വി വാങ്ങാൻ സുവർണാവസരം; 3.15 ലക്ഷത്തിന്‍റെ ഡിസ്കൗണ്ടുമായി ടാറ്റ മോട്ടോഴ്സ്

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ 2023 മോഡല്‍ പ്രീ ഫേസ്ലിഫ്റ്റ് വാഹനങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ ഇവി ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായ പഞ്ച് ഇവിക്കൊഴികെ മറ്റ് കാറുകള്‍ക്കും ഈ മാസം ആകര്‍ഷകമായ കിഴിവുകളുണ്ട്. 2023 മോഡല്‍ കാറുകള്‍ക്കാണ് കൂടുതൽ ഓഫറുകളെങ്കിലും പുത്തൻ വേരിയന്‍റുകൾക്കും ഡിസ്കൗണ്ടുകൾ ബാധകമാണ്. നെക്‌സോണ്‍ ഇവിയുടെയും ടിയാഗോ ഇവിയുടെയും 2024 മോഡലുകളും ഓഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിഴിവുകളുള്ളത് ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ക്കാണ്.

നെക്‌സോണ്‍ ഇ.വി മാക്സ്

ഈ മാസം മൊത്തം 3.15 ലക്ഷം രൂപ വരെ കിഴിവില്‍ ഇലക്ട്രിക് എസ്‌.യു.വി സ്വന്തമാക്കാൻ അവസരമുണ്ട്. നെക്‌സോണ്‍ ഇവി മാക്‌സിന് 2.65 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. അതേസമയം നെക്‌സോണ്‍ ഇവി പ്രൈമിന് 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 2.30 ലക്ഷം രൂപ കാഷ് ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്യുന്നത്. സ്‌റ്റോക്ക് തീരുന്നത് വരെ ആയിരിക്കും ഓഫര്‍ ലഭ്യമാകുക.

129 hp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവി പ്രൈമില്‍ വരുന്നത്. 30.2 kWh ബാറ്ററി പായ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 143 bhp പവറുള്ള ഇലക്ട്രിക് മോട്ടോറും 40.5 kWh ബാറ്ററി പായ്ക്കുമാണ് നെക്‌സോണ്‍ ഇവി മാക്‌സില്‍ വരുന്നത്. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 437 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

2023 നെക്‌സോണ്‍ ഇ.വി

2023-ല്‍ നിര്‍മ്മിച്ച നെക്‌സോണ്‍ ഇവിയുടെ എല്ലാ വേരിയന്റുകള്‍ക്കും 50,000 രൂപയും 2024 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്ക് 20,000 രൂപയും ഗ്രീന്‍ ബോണസായി ലഭിക്കും. എന്നാല്‍ ഫെയ്സ് ലിഫ്റ്റ് മോഡലുകള്‍ക്ക് കാഷ് ഡിസ്‌കൗണ്ടുകളോ എക്സ്ചേഞ്ച് ബോണസോ ഓഫര്‍ ചെയ്യുന്നില്ല. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലായാണ് ഇപ്പോള്‍ നെക്‌സോണ്‍ ഇവി ഓഫര്‍ ചെയ്യുന്നത്. 30.2 kWh ബാറ്ററിയുള്ള MR പതിപ്പ് ഒറ്റ ചാര്‍ജില്‍ 325 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

അതേസമയം 40.5kWh ബാറ്ററിയുള്ള LR പതിപ്പിന് ARAI അവകാശപ്പെടുന്ന റേഞ്ച് 465 കിലോമീറ്റര്‍ ആണ്. നെക്‌സോണ്‍ ഇവിയുടെ രണ്ട് പതിപ്പുകള്‍ക്കും ഇപ്പോള്‍ 7.2 kW എസി ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇത് ഉപയോഗിച്ച് മിഡ് റേഞ്ച് പതിപ്പ് 4.3 മണിക്കൂറിനുള്ളില്‍ 10-100 ശതമാനം ചാര്‍ജ് ചെയ്യാം. അതേസമയം ലോങ് റേഞ്ച് പതിപ്പ് ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ എടുക്കും.

തിഗോർ ഇ.വി

കോംപാക്റ്റ് ഇലക്ട്രിക് സെഡാനായ ടിഗോര്‍ ഇവിക്ക് ടിയാഗോ ഇവിയേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ട്. 2024 മാര്‍ച്ചില്‍ ഇലക്ട്രിക് സെഡാന്‍ 1.05 ലക്ഷം രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം. 75,000 രൂപ കാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നതാണ് ഓഫര്‍. 2023 മോഡല്‍ ടിഗോര്‍ ഇവികളാണ് വമ്പന്‍ ഓഫറില്‍ വിറ്റഴിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 26 kWh ബാറ്ററി പായ്ക്കും 75 bhp പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമാണ് ടിഗോര്‍ ഇവിയുടെ ശക്തി. ഒറ്റചാര്‍ജില്‍ 315 കിലോമീറ്ററാണ് ഇതിന്റെ ARAI ക്ലെയിംഡ് റേഞ്ച്.

തിയാഗോ ഇ.വി

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവിക്ക് ഈ മാസം 65,000 രൂപ വരെയാണ് ഡിസ്‌കൗണ്ടുള്ളത്. ടിയാഗോ ഇവിയുടെ 2023 മോഡലുകള്‍ക്ക് 50,000 രൂപയുടെ ഗ്രീന്‍ ബോണസിന് പുറമെ 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. അതേസമയം പുതിയ 2024 മോഡല്‍ വേണമെന്നുള്ളവര്‍ക്ക് 35000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്.

നെക്‌സോണിനെ പോലെ ടിയാഗോ ഇവിയും മീഡിയം റേഞ്ച്, ലോങ് റേഞ്ച് ബാറ്ററി ഓപ്ഷനില്‍ ലഭ്യമാണ്. മിഡ്-റേഞ്ച് വേരിയന്റില്‍ 61 bhp പവറും 110 Nm ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 19.2 kWh ബാറ്ററി പായ്ക്കുമാണ് ഉപയോഗിക്കുന്നത്. ഈ വേരിയന്റ് MIDC സൈക്കിളില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ലോങ്-റേഞ്ച് വേരിയന്റിന് 24 kWh ബാറ്ററി പായ്ക്കിനൊപ്പം 74 bhp പവും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്.

ഈ ടിയാഗോ ഇവി വേരിയന്റ് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കിഴിവുകള്‍ ഓരോ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും ടാറ്റ അറിയിച്ചു.

Tags:    
News Summary - 2023 Tata Nexon EV Max Lists Under Massive Discount, Benefits up to Rs 3.15 Lakh!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.