ഗൗഡ ഉടക്കി; ഷെട്ടറുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു: സ്ഥാനമൊഴിഞ്ഞ സദാനന്ദ ഗൗഡ അവസാനനിമിഷം ഉടക്കിയതിനെ തുട൪ന്ന് നിയുക്ത മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ സത്യപ്രതിജ്ഞ നീണ്ടു. പാ൪ട്ടി പ്രസിഡന്റ് പദവി, ഉപമുഖ്യമന്ത്രി സ്ഥാനം, കൂടുതൽ മന്ത്രിപദവികൾ എന്നീ ആവശ്യങ്ങളുമായി ഗൗഡപക്ഷം വിലപേശിയതോടെ രാവിലെ നടക്കേണ്ടിയിരുന്ന നിയമസഭാ കക്ഷിയോഗം  വൈകീട്ട് നാലുമണിക്കാണ് ചേരാനായത്.
കേന്ദ്ര നേതാക്കളായ രാജ്നാഥ്സിങ്, അനന്ത്കുമാ൪, അരുൺ ജെയ്റ്റ്ലി എന്നിവരുടെ നേതൃത്വത്തിൽ  ചേരേണ്ടിയിരുന്ന യോഗം അവസാന നിമിഷം ഗൗഡയും അനുയായികളും ബഹിഷ്കരിച്ചതിനെ തുട൪ന്ന്  രാവിലെ അനിശ്ചിതത്വത്തിലായി. യോഗം നിശ്ചയിച്ചിരുന്ന ബംഗളൂരുവിലെ കാപിറ്റോൾ ഹോട്ടലിൽ യെദിയൂരപ്പ പക്ഷം എത്തിയെങ്കിലും ഗൗഡയും അനുയായികളും അദ്ദേഹത്തിന്റെ വീട്ടിൽ യോഗം ചേ൪ന്നു.  ഒടുവിൽ കേന്ദ്ര നേതാക്കൾ ഗൗഡ, ഷെട്ട൪, പാ൪ട്ടി പ്രസിഡന്റ് ഈശ്വരപ്പ എന്നിവരെ ച൪ച്ചക്കു വിളിപ്പിച്ചതോടെയാണ് യോഗം ചേരാനുള്ള സാഹചര്യം ഒരുങ്ങിയത്. ഗൗഡപക്ഷം മുന്നോട്ടുവെച്ച ഉപമുഖ്യമന്ത്രി സ്ഥാനവും പാ൪ട്ടി അധ്യക്ഷ പദവിയും നൽകാൻ കേന്ദ്ര നേതാക്കൾ സമ്മതം മൂളിയതിനെ തുട൪ന്നാണിതെന്നാണ് സൂചന. എന്നാൽ കേന്ദ്ര നേതാക്കൾ ഇതു സ്ഥിരീകരിച്ചിട്ടില്ല. 
ഗൗഡ അയഞ്ഞതോടെ വൈകീട്ട് നിയമസഭാ കക്ഷിയോഗം ചേ൪ന്ന് ജഗദീഷ് ഷെട്ടറെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ക൪ണാടകയുടെ 21ാമത്തെയും ബി.ജെ.പി മന്ത്രിസഭയുടെ മൂന്നാമത്തെയും മുഖ്യമന്ത്രിയായി അദ്ദേഹം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.നേരത്തേ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവണമെന്നത് സംബന്ധിച്ച് ദൽഹിയിൽ നടക്കുന്ന ച൪ച്ചയിലേ തീരുമാനമുണ്ടാവൂ.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബുധനാഴ്ച ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജിന് രാജി സമ൪പ്പിക്കും. മികച്ച ഭരണമാണ് സദാനന്ദ ഗൗഡ കാഴ്ച വെച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി ഷെട്ട൪ വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പാ൪ട്ടിയുടെ പൂ൪ണപിന്തുണ തനിക്കുണ്ടാവുമെന്നും ഷെട്ട൪ പറഞ്ഞു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വരൾച്ചാ നിവാരണത്തിനാണ് മുഖ്യപരിഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. യോഗശേഷം ഷെട്ടറെ അഭിനന്ദിച്ച സദാനന്ദ ഗൗഡ സംസ്ഥാനത്തിന്റെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവ൪ത്തിക്കണമെന്ന് എം.എൽ.എമാരോട് അഭ്യ൪ഥിച്ചു. അതേസമയം, ഷെട്ട൪ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ദൽഹിയിൽ നടക്കുന്ന ച൪ച്ചയിലേ തീരുമാനമുണ്ടാകൂ എന്നാണ് അറിയുന്നത്.
പാ൪ട്ടി പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ, ആഭ്യന്തര മന്ത്രി ആ൪. അശോക് എന്നിവരെ ഉപമുഖ്യമന്ത്രിയാക്കാൻ പാ൪ട്ടി നേതൃത്വം തീരുമാനിച്ചതായാണ് സൂചന. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഉപമുഖ്യമന്ത്രി സ്ഥാനമുണ്ടാകുന്നത്.
ഈശ്വരപ്പ മാറുന്നതോടെ പാ൪ട്ടി പ്രസിഡന്റിന്റെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കണമെന്ന് ദൽഹിയിൽ നടക്കുന്ന ച൪ച്ചകൾക്ക് ശേഷം കേന്ദ്രനേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
പാ൪ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സദാനന്ദ ഗൗഡയെ പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ സമുദായമായ വൊക്കലിഗ നേതൃത്വവും അനുയായികളും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.