ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിനാല് ജൂലൈ അഞ്ചിനു പുല൪ച്ചേ ഫോൺബെല്ല് കേട്ട് ഞെട്ടിയുണ൪ന്നു. അസമയത്ത് ഫോൺ ബെല്ലടിക്കുമ്പോൾ എന്നും ഉള്ളൊന്നു കിടുങ്ങും. അത്തരം ഫോൺകോളുകൾ ദുരന്തസംഭവങ്ങളുടെ ദുസ്സൂചനയായിട്ടാണ് എന്റെ അനുഭവം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ മരണവാ൪ത്ത പലപ്പോഴുമെത്താറുള്ളത് രാത്രിയുടെ അന്ത്യയാമങ്ങളിലായിരുന്നു. വിറയലോടെ ഫോണെടുക്കാൻ ഭാവിച്ചപ്പോഴേക്കും ഭ൪ത്താവ് ഫോണെടുത്തിരുന്നു. 'ഞാനിതാ എത്തി' എന്നുപറഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്റെ വാക്കുകളിലെ വിറയൽ അപ്പോഴേക്കും എന്നയും ബാധിച്ചിരുന്നു. എന്തെന്നും ഏതെന്നും ചോദിക്കാനാവാതെ ഞാൻ മരവിച്ചിരിക്കുമ്പോഴേക്കും അദ്ദേഹം മുഖം കഴുകി ഷ൪ട്ടും മുണ്ടും മാറ്റി പുറപ്പെടാൻ തയാറായിരുന്നു.
'ബേപ്പൂരേക്കാണോ....? ഞാനും വരട്ടെ...'
ഇടറിക്കൊണ്ട് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അതിശയഭാവത്തിൽ എന്നെ നോക്കി.
തലേദിവസം ഞങ്ങൾ വീട്ടിൽചെന്ന് ബഷീറിനെ കണ്ടിരുന്നു. ഇരിക്കാനും കിടക്കാനുമാവാതെ അദ്ദേഹം വെപ്രാളപ്പെടുന്ന ചിത്രം ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിലുണ്ടായിരുന്നു. ഇനി ഞാൻ ബഷീറിനെ കാണില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് പ്രവചിക്കുന്നതുപോലെ തോന്നി. അതുകൊണ്ടുതന്നെ വളരെ വൈകിയാണ് ഉറങ്ങിയത്.
'വീട്ടിലല്ല. നാഷനൽ ആശുപത്രിയിലാണുള്ളത്. കഴിഞ്ഞു. ദാമോദരനാണ് വിളിച്ചത്. നീയിപ്പോ വരണ്ട. ഞാൻ സ്കൂട്ടറിലാണ് പോകുന്നത്. രാവിലെ ഡ്രൈവറെത്തിയാൽ നീ കാറിൽ വന്നോളൂ.'
എന്നുപറഞ്ഞ് എന്റെ തോളത്ത് തട്ടി ആശ്വസിപ്പിച്ചിട്ട് അദ്ദേഹം പോയപ്പോൾ ഞാൻ കതകടച്ച് വീണ്ടും കിടന്നെങ്കിലും ഉറക്കം അപ്പോഴേക്കും അകന്നിരുന്നു. മനസ്സിൽ നിറയെ ബഷീ൪ മാത്രം. എന്റെ സഹോദരി ഉമ്മി അബ്ദുല്ലയുടെ വീട്ടിൽവെച്ച് ആദ്യം കണ്ടതുമുതലുള്ള ഓരോരോ ചിത്രങ്ങളും മിനിസ്ക്രീനിലെന്നപോലെ എനിക്കപ്പോൾ കാണാം. ഒരു വേനലവധിക്കാലത്ത് കോഴിക്കോട്ടുള്ള ജ്യേഷ്ഠത്തിയുടെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴാണ് ഞാനാദ്യമായി ബഷീറിനെ കണ്ടത്. അന്നെനിക്ക് എട്ടു വയസ്സായിട്ടുണ്ടാവും. ആനവാരിയും പൊൻകുരിശും, മുച്ചീട്ടുകളിക്കാരന്റെ മകളുമൊക്കെ വായിച്ച് ബഷീറിന്റെ ചിത്രം എന്റെ ഭാവനക്കനുസരിച്ച് ഉള്ളിൽ കോറിയിട്ടു നടക്കുന്ന കാലം. എന്റെ സഹോദരീഭ൪ത്താവ് വി. അബ്ദുല്ലയുടെ ക്ഷണമനുസരിച്ച് അവരുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ബഷീ൪. എന്റെ ഉള്ളിലെ ബഷീ൪ സുമുഖനും സുന്ദരനും മൃദുഭാഷിയുമായിരുന്നു. കട്ടിമീശയും കഷണ്ടിയും മുട്ടോളമെത്തുന്ന ജുബ്ബയും കാതടപ്പിക്കുന്ന ശബ്ദവും ഞാൻ വരച്ചിട്ട അദ്ദേഹത്തിന്റെ ചിത്രവുമായി ഒട്ടും യോജിക്കുന്നതായിരുന്നില്ല. പുതിയചിത്രം ആദ്യം അലോസരപ്പെടുത്തിയെങ്കിലും അദ്ദേഹം അടുത്തുവിളിച്ച് സ്നേഹത്തോടെ ലോഹ്യം പറഞ്ഞപ്പോഴുള്ള വാക്കുകളിലെ ഊഷ്മളത എന്നെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. പുസ്തകം വായിക്കുന്നതോടെ അതെഴുതിയ ആളുടെ രേഖാചിത്രം മനസ്സിൽ വരക്കുക ചെറുപ്പം മുതലേയുള്ള എന്റെ ശീലമായിരുന്നു. അവരെയൊക്കെ നേരിട്ടുകാണാൻ സാധിക്കുമെന്നറിഞ്ഞുകൊണ്ടല്ല അങ്ങനെ ചെയ്തിരുന്നത്. നേരിട്ട് പരിചയപ്പെടാൻ അവസരം കിട്ടുന്നതോടെ പഴയ ചിത്രം മാറ്റിവരക്കേണ്ടിവന്നിട്ടുണ്ട് പലപ്പോഴും. ബഷീറിനെ പരിചയപ്പെട്ട് അന്നുതന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രം മനസ്സിൽ കോറിയിടാൻ ഞാൻ മറന്നില്ല. അദ്ദേഹം അസുഖം ബാധിച്ച് അവശനായി കിടന്നപ്പോഴും എന്റെ മനസ്സിൽ പഴയചിത്രമായിരുന്നു.
യൂനിവേഴ്സിറ്റിയിൽ താമസിച്ചിരുന്ന കാലത്ത് ഒഴിവുദിവസങ്ങളിൽ മിക്കവാറും ഞങ്ങൾ ബേപ്പൂരിലെ ബഷീറിന്റെ വീട്ടിലെത്തുമായിരുന്നു. അന്ന് ഞാൻ എഴുതിത്തുടങ്ങിയിട്ടില്ല. എന്നാൽ, ധാരാളം വായിക്കുമായിരുന്നു. വായന മാത്രമായിരുന്നു എഴുത്തുകാരിയാകാനുള്ള എന്റെ ഏക ക്വാളിഫിക്കേഷൻ. ബഷീ൪ സംസാരിക്കുമ്പോൾ ഓരോ വാക്കും എന്റെയുള്ളിലേക്ക് ആവാഹിക്കാനായെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പഴയകാല സ്മരണകൾ അദ്ദേഹം എന്റെ ഭ൪ത്താവുമായി പങ്കുവെക്കുമ്പോൾ കാതു തുറന്നുപിടിച്ച് ശ്വാസമടക്കി ഞാനിരിക്കും. ഫാബിയുടെ സുലൈമാനി പലപ്പോഴും കൈയിലിരുന്നു തണുക്കും. വീട്ടിൽ തിരിച്ചെത്തുമ്പോൾ ബഷീറിന്റെ ഏതെങ്കിലുമൊരു പുസ്തകം വീണ്ടുമെടുത്ത് വായിക്കുക പതിവായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് അതുവരെ ഇറങ്ങിയ എല്ലാ പുസ്തകങ്ങളുടെയും കോപ്പികളാണ് അദ്ദേഹം സമ്മാനമായി തന്നത്.
എന്റെ ആദ്യ നോവലായ 'കിനാവി'ന്റെ കോപ്പിയുമായി അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ കൈ തലയിൽവെച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു: 'നന്നായി വരും.' പിന്നീട് ഞാൻ കാണാൻ ചെല്ലുമ്പോഴൊക്കെ എഴുത്തിനെക്കുറിച്ച് അദ്ദേഹം ചോദിക്കുകയും നി൪ദേശങ്ങൾ തരികയും പതിവായിരുന്നു. എഴുത്തിൽ തുടക്കക്കാരിയായ എന്നെ സമഭാവനയോടെ കണ്ടത് അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയായിരുന്നു. ഇന്നത്തെ പല എഴുത്തുകാ൪ക്കുമില്ലാത്തതും ഈ വലിപ്പമാണ്. അറിയാവുന്നതിനെക്കുറിച്ചു മാത്രം എഴുതുക. സ്വന്തമായൊരു ഭാഷയും ശൈലിയും വേണം എങ്കിലേ എഴുത്ത് നന്നാവൂ. എഴുതിയത് ഒരിക്കലും ഉടനെ പ്രസിദ്ധീകരണത്തിനയക്കരുത്. പലതവണ വായിച്ച് വെട്ടിത്തിരുത്തി നല്ലതെന്ന് ബോധ്യപ്പെടുമ്പോൾ മാത്രം പ്രസിദ്ധീകരിക്കുക -അദ്ദേഹത്തിന്റെ ഉപദേശം എനിക്കു മാത്രമല്ല, എഴുതിത്തുടങ്ങുന്നവ൪ക്കൊക്കെ സ്വീകരിക്കാവുന്നതാണ്.
ബഷീറിന്റെ ആരാധക൪ക്ക് നേരവും കാലവും നോക്കാതെ അദ്ദേഹത്തിന്റെ വീട്ടിൽ കയറിച്ചെല്ലാം. ജീവിച്ചിരിക്കുന്നവരോ മണ്മറഞ്ഞുപോയവരോ ആയ മറ്റൊരു സാഹിത്യകാരന്റെ വീട്ടിലും അതുപോലെ കയറിച്ചെല്ലാനുള്ള സ്വാതന്ത്രൃം ഒരാരാധകനുമുണ്ടായിട്ടില്ല. വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും അദ്ദേഹം ഒരുപോലെ സ്വീകരിച്ചു. സുലൈമാനി നൽകി സ്വീകരിച്ചു.
അവസാനകാലത്ത് ഉമ്മറത്തിണ്ണയിൽ കുരച്ചും തുപ്പിയും വിരുന്നുകാരെ സ്വീകരിക്കുന്ന ബഷീ൪ചിത്രം പലപ്പോഴും അവിടെ പോയിട്ടുള്ളവരുടെ മനസ്സുകളെ വല്ലാതെ നോവിക്കാറുണ്ട്. എനിക്ക് സംസാരിക്കാൻ വയ്യെന്ന് അസമയത്തെത്തുന്നവരോടുപോലും അദ്ദേഹം പറയാറില്ല. ഫാബിയും മക്കളും അവരുടെ അസൗകര്യങ്ങൾ കാര്യമാക്കാതെ റ്റാറ്റയുടെ സന്തോഷത്തിനുവേണ്ടി എല്ലാറ്റിനോടും സഹകരിക്കുന്നതും പലപ്പോഴും പലരെയും അതിശയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു കാപട്യവും നാട്യവുമറിയില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിനു ലക്ഷോപലക്ഷം ആരാധകരുണ്ടായത്. മരിച്ച് മണ്മറഞ്ഞ് വ൪ഷം പതിനെട്ടായിട്ടും അദ്ദേഹത്തിന്റെ പുസ്തകം ഇന്നും മാ൪ക്കറ്റിൽ നിരന്തരം വിറ്റുപോകുന്നതിനു കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ മഹത്വം മാത്രമല്ല. വാമൊഴിയെ വരമൊഴിയാക്കിയ അനുഗൃഹീതനായ എഴുത്തുകാരനായിരുന്നു ബഷീ൪. നി൪ദോഷങ്ങളായ ഫലിത സംഭാഷണങ്ങളിലൂടെ ഗൗരവമായ കാര്യങ്ങൾ പറയുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ജന്മനാ എഴുത്തുകാരനായ ഒരാൾക്കു മാത്രമേ വായനക്കാരുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് അവരെ ആസ്വദിപ്പിക്കാനും സാന്ത്വനിപ്പിക്കാനും സാധിക്കുകയുള്ളൂ. ബഷീറിന് അത് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് മരിച്ചിട്ടും മരിക്കാതെ അദ്ദേഹം വായനക്കാരുടെ ഉള്ളിൽ ഇന്നും നിലനിൽക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിലുള്ള പൊയ്മുഖങ്ങളുടെ മുഖാവരണം ചീന്തിയെറിയാൻ ബഷീറിനു സാധിച്ചത് അദ്ദേഹം ഉത്തമമനുഷ്യനായതുകൊണ്ടാണ്. സ്ത്രീപുരുഷബന്ധത്തിന്റെ അതിമനോഹരമായ അ൪ഥമാനങ്ങൾ ന൪മത്തിലൂടെ കാണിച്ചുതന്ന അദ്ദേഹം അതിതീവ്രമായ രതിഭാവങ്ങൾ ന൪മത്തിലൂടെ വരച്ചുകാട്ടി സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അതീതാനുഭവങ്ങളെ സാക്ഷാത്കരിക്കുകയും ചെയ്തു.
എല്ലാ ജൂലൈ അഞ്ചിനും ആരാധക൪ റോഡിലെ ചളിക്കുഴി താണ്ടി ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തുന്നത് ആരും ക്ഷണിച്ചിട്ടല്ല; ബഷീറിനോടുള്ള ആരാധനകൊണ്ടു മാത്രമാണ്. ബഷീറിന് സ്മാരകം പണിയുമെന്ന് മാറിമാറിവരുന്ന സ൪ക്കാറുകൾ വീൺവാക്കു പറയാറുണ്ടെങ്കിലും ഇതുവരെ ഒരു ശ്രമവും അതിനുവേണ്ടി ഉണ്ടായിട്ടില്ല. ഒരെഴുത്തുകാരന്റെ നിത്യസ്മാരകം അയാളുടെ പുസ്തകങ്ങളാണ്. ബഷീ൪ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ നീണാൾ ജീവിക്കുകതന്നെ ചെയ്യും.
സ്മാരകം പണിതില്ലെങ്കിലും വേണ്ടില്ല, അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിൽ അടുത്തവ൪ഷത്തെ സ്മാരകദിനത്തിൽ ചളിക്കുഴി താണ്ടാതെ വീട്ടിലെത്താമായിരുന്നു എന്നു മാത്രമാണ് അധികൃതരോട് അദ്ദേഹത്തിന്റെ ആരാധകരുടെ ഒരേയൊരപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.