പിന്തുണയഭ്യര്‍ഥിച്ച് പ്രണബ് ബംഗളൂരുവിലും ഹൈദരാബാദിലും

ബംഗളൂരു/ഹൈദരാബാദ്: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാ൪ഥി പ്രണബ് മുഖ൪ജി പിന്തുണയഭ്യ൪ഥിച്ച് ബംഗളൂരുവിലും ഹൈദരാബാദിലുമെത്തി. ബംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹം പാ൪ട്ടി എം.എൽ.എമാരും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യു.പി.എയിലെ ഒരുകക്ഷി ഒഴികെ എല്ലാ പാ൪ട്ടികളുടെയും പിന്തുണ തനിക്കുണ്ടെന്ന് പ്രണബ് കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുചേ൪ത്ത വാ൪ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മമത ബാന൪ജി ഉൾപ്പെടെ ഇതുവരെ തീരുമാനമെടുക്കാത്തവ൪ തന്നെ പിന്തുണക്കണമെന്നാണ് പ്രതീക്ഷയെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. യു.പി.എക്ക് പുറത്ത് എസ്.പി, ബി.എസ്.പി, സി.പി.എം, ആ൪.ജെ.ഡി, ശിവസേന, ജെ.ഡി.യു, ജെ.ഡി.എസ് തുടങ്ങിയ പാ൪ട്ടികളുടെ പിന്തുണ തനിക്കുണ്ട്. മറ്റുള്ളവരും പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് മുഖ൪ജിയുടെ സ്ഥാനാ൪ഥിത്വം പ്രഖ്യാപിച്ചയുടൻതന്നെ ദേവഗൗഡയെ പ്രധാനമന്ത്രി മൻമോഹൻസിങ് ടെലിഫോണിൽ വിളിച്ച് പിന്തുണ അഭ്യ൪ഥിക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തതായി പ്രണബ് മുഖ൪ജി പറഞ്ഞു. പിന്തുണ തേടി എല്ലാ സംസ്ഥാനങ്ങളും സന്ദ൪ശിക്കുമെന്നും ഓരോ അംഗങ്ങളുടെയും വോട്ട് നി൪ണായകമായതിനാൽ എല്ലാവരെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കെ.പി.സി.സി ആസ്ഥാനത്തെ കൂടിക്കാഴ്ചക്കു ശേഷം മുൻപ്രധാനമന്ത്രി ദേവഗൗഡയെയും മകനും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമിയെയും സന്ദ൪ശിച്ച് തനിക്ക് പിന്തുണ നൽകിയതിലുള്ള കൃതജ്ഞത രേഖപ്പെടുത്തിയാണ് പ്രണബ് ബാംഗളൂരുവിൽ നിന്ന് മടങ്ങിയത്.
ഹൈദരാബാദിലെ ജൂബിലി ഹാളിൽവെച്ചാണ് മുഖ്യമന്ത്രി കിരൺ കുമാ൪ റെഡ്ഡിയുൾപ്പടെയുള്ള നേതാക്കളുമായി അദ്ദേഹം ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്.  താൻ ജയിക്കുമെന്ന എതി൪ സ്ഥാനാ൪ഥി പി.എ. സാങ്മയുടെ അവകാശവാദത്തെ കുറിച്ച് പത്രലേഖക൪ ആരാഞ്ഞപ്പോൾ 'താൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നില്ല' എന്നായിരുന്നു മറുപടി.
അതിനിടെ മുഖ൪ജിയും ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അവസാനിച്ച് അല്പം കഴിഞ്ഞ് ജൂബിലി ഹാളിൽ ചെറിയ തീപിടുത്തമുണ്ടായി. ആ൪ക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.