ഓര്‍മകളില്‍ ഗാന്ധി; പീസ് ബസിനെ വരവേല്‍ക്കാന്‍ ആനന്ദാശ്രമം ഒരുങ്ങുന്നു

കോട്ടയം: ‘ആനന്ദാശ്രമ ഉദ്ഘാടനവും ഇതര ചടങ്ങുകളും 1109  മകരം 5,6,7,8,9 എന്നീ തീയതികളിൽ ആഘോഷം സംയോജിപ്പിക്കുന്നു, ഭഗവാൻ ശ്രീ ഗാന്ധിദേവൻ ആശ്രമോദ്ഘാടനം നി൪വഹിക്കുന്നു’... ഗാന്ധി പീസ്  ബസിനെ  ജില്ലയിൽ ആദ്യമായി വരവേൽക്കുന്ന ചങ്ങനാശേരി മതുമൂലയിലെ ആനന്ദാശ്രമത്തിൻെറ പ്രോജ്വല സ്മരണകളുടെ ഭാഗമായ  നോട്ടീസ് തുടങ്ങുന്നത് ഇങ്ങനെയാണ്.
ആനന്ദാശ്രമത്തിൻെറ ഉദ്ഘാടനത്തിന് 1934 ജനുവരി 19നാണ് ഗാന്ധിജി എത്തിയത്. അന്നത്തെ ചടങ്ങിൽ പങ്കെടുത്ത്, ഗാന്ധിയുടെ വാക്കുകൾ ശ്രവിക്കാൻ ഭാഗ്യം സിദ്ധിച്ച തൃക്കൊടിത്താനം സ്വദേശി പാട്ടത്തിൽ ദിവാകരനെയും പീസ് ബസിനെ വരവേൽക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കുമെന്ന് ആനന്ദാശ്രമം ഭാരവാഹികൾ പറഞ്ഞു. ഗാന്ധി സ്മാരക നിധിയുടെ വജ്രജൂബിലി വ൪ഷം പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 30 യുവജനങ്ങളെ ഉൾക്കൊള്ളിച്ച് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ‘ഗാന്ധി പീസ്’ ബസ് ജൂൺ 22നും 23നുമാണ് കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്നത്. ആനന്ദാശ്രമത്തിൽ 22ന് രാവിലെയാണ് വരവേൽപ്പ്.
എസ്.എൻ.ഡി.പി യോഗം  സെക്രട്ടറി ടി.കെ. മാധവൻെറ ക്ഷണം സ്വീകരിച്ചാണ് മഹാത്മാഗാന്ധി ആനന്ദാശ്രമത്തിൻെറ ഉദ്ഘാടനത്തിനത്തെിയത്.   ഗാന്ധി ദേശീയ സമരത്തെക്കുറിച്ചും മറ്റുമാണ് പ്രധാനമായും സംസാരിച്ചതെന്നാണ് പാട്ടത്തിൽ ദിവാകരൻ ഉൾപ്പെടെയുള്ളവ൪ പറഞ്ഞിട്ടുള്ളത്.
നാരായണഗുരുവിൻെറ ദ൪ശനങ്ങൾ പ്രചരിപ്പിക്കാൻ നാട്ടുകാ൪ രൂപവത്കരിച്ച്, കൊല്ലവ൪ഷം 1109ൽ രജിസ്റ്റ൪ ചെയ്ത  സാചാര പ്രകാശിനി സഭയാണ് പിൽക്കാലത്ത് ആനന്ദാശ്രമമായി മാറിയത്.  നാരായണ ഗുരുവാണ് ആനന്ദാശ്രമം എന്ന പേരിട്ടത്. എസ്.എൻ.ഡി.പി യോഗത്തിൻെറ പ്രഥമശാഖ കൂടിയാണിത്. നാരായണഗുരു ഉപയോഗിച്ച പായയും തലയിണയും മറ്റും ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന്  ആനന്ദാശ്രമം പ്രസിഡൻറ് ടി.ഡി. രമേശൻ പറഞ്ഞു.
ആശ്രമ വളപ്പിൽ പിൽക്കാലത്ത് ലൈബ്രറിയും യു.പി. സ്കൂളും ഉൾപ്പെടെ കെട്ടിടങ്ങൾ നി൪മിച്ചു. സഹോദരൻ അയ്യപ്പൻ ശിലാസ്ഥാപനം നി൪വഹിച്ച ലൈബ്രറി ആനന്ദാശ്രമത്തിൻെറ ഭാഗമായാണ് പ്രവ൪ത്തിച്ചിരുന്നത്. ഇപ്പോൾ ലൈബ്രറി കൗൺസിലിന് പാട്ടം കൊടുത്തിരിക്കുകയാണ്.
ആനന്ദാശ്രമ വളപ്പിൽ പുതിയ ഓഡിറ്റോറിയത്തിൻെറ നി൪മാണം നടന്നുവരികയാണ്. ഇത് ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി ഉദ്ഘാടനം ചെയ്ത പഴയ കെട്ടിടം ഇപ്പോൾ ഓഫിസാണ്. ഈ കെട്ടിടം മ്യൂസിയമാക്കി ചരിത്ര വസ്തുക്കൾക്കും രേഖകൾക്കുമൊപ്പം ഗാന്ധിയുടെ സന്ദ൪ശനവുമായി ബന്ധപ്പെട്ട നോട്ടീസും ചിത്രങ്ങളും പ്രദ൪ശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഗാന്ധി പീസ് ബസിനെ ആനന്ദാശ്രമത്തിൽ വരവേൽക്കുന്നതിന് ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണെന്ന് സംഘാടക൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.