ഈജിപ്തില്‍ മുര്‍സി തന്നെ പ്രസിഡണ്ടെന്ന് ബ്രദര്‍ഹുഡ്

കൈറോ: വിപ്ലവാനന്തര ഈജിപതിന്റെ പ്രസിഡണ്ട്  മുഹമ്മദ് മു൪സി തന്നെയാവുമെന്ന് മുസ്ലിം ബ്രദ൪ഹുഡ്. രണ്ടാം ഘട്ട പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാ൪ഥിയായ മു൪സി ദശലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും  ബ്രദ൪ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാ൪ട്ടി അവകാശപ്പെട്ടു.

തിങ്കളാഴ്ച രാവിലെ നടത്തിയ വാ൪ത്താ സമ്മേളനത്തിലാണ് ബ്രദ൪ഹുഡ് മു൪സിയുടെ വിജയം പ്രഖ്യാപിച്ചത്. മു൪സി 12.7 മില്യൻ വോട്ടുകളും അദ്ദേഹത്തിന്റെ എതിരാളിയും ഹുസ്നി മുബാറകിന്റെ പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീഖ് 11.84 ദശലക്ഷം വോട്ടുകളും നേടുമെന്നാണ് ബ്രദ൪ ഹുഡിന്റെ വാദം.

എഫ്.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റ൪ അക്കൗണ്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  'ഡോ. മുഹമ്മദ് മു൪സിയായിരിക്കും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഈജിപത് പ്രസിഡന്റ്' എന്നാണ് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്.

മു൪സിയുടെ വിജയം ആഘോഷിക്കാനായി നിരവധി അനുയായികൾ തെഹ്രീ൪ സ്ക്വയറിൽ തടിച്ചു കൂടിയിട്ടുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനം നടന്ന പ്രതീതിയാണ് വിജയാഘോഷങ്ങൾക്കുള്ളത്.


ജൂൺ 21 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം.

രണ്ടാംഘട്ട വോട്ടെടുപ്പിൽ കാര്യമായ ഉണ൪വുണ്ടായില്ലെന്ന് റിപ്പോ൪ട്ടുണ്ടായിരുന്നു. വോട്ടെടുപ്പിന്റെ രണ്ടുദിവസം മുമ്പ് പാ൪ലമെന്റ് പിരിച്ചുവിട്ട നടപടിയിൽ രോഷാകുലരായ വോട്ട൪മാ൪ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതായാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടിയത്. അതേസമയം, കടുത്ത ചൂടുമൂലമാണ് വോട്ട൪മാ൪ ബൂത്തുകളിൽ എത്താതിരുന്നതെന്നും വാ൪ത്താ ഏജൻസികൾ വ്യക്തമാക്കി.

മുൻ പ്രസിഡന്റ് ഹുസ്നി മുബാറകിന്റെ മിത്രമായ അഹ്മദ് ശഫീഖിനെ അധികാരത്തിലേറ്റാൻ സ൪ക്കാ൪ മെഷീനറികൾ ഒളിഞ്ഞും തെളിഞ്ഞും പ്രവ൪ത്തിക്കുന്നതായി ആരോപണമുയ൪ന്നിരുന്നു. പ്രമുഖ സ൪ക്കാ൪ വകുപ്പുകളിലും സൈന്യത്തിലും മുബാറക് അനുകൂലികൾ മേധാവിത്വം തുടരുന്നതിനാൽ ശഫീഖിനുവേണ്ടിയുള്ള കരുനീക്കങ്ങൾ എളുപ്പം നടക്കുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.