ട്രക്ക് മൊബൈല്‍ ഇന്‍സിനറേറ്റര്‍; നിര്‍മാണാനുമതിക്ക് തീരുമാനം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യസംസ്കരണത്തിന് ബദൽ സംവിധാനമായി കൊണ്ടുവരുന്ന ട്രക്ക് മൊബൈൽ ഇൻസിനറേറ്ററിന് നി൪മാണാനുമതി നൽകാൻ സ൪ക്കാ൪ തീരുമാനം.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘ചിന്തൻസെയിൽസ്’ എന്ന കമ്പനിക്കാണ് അനുമതി നൽകുക. ടെൻഡ൪ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി അന്തിമപട്ടികയിൽ സ്ഥാനംപിടിച്ചത് ഈ കമ്പനിയാണ്.
മൂന്ന് വിദേശ കമ്പനികളെ പിന്തള്ളിയാണ് ഇന്ത്യൻ കമ്പനി അ൪ഹതനേടിയത്. രണ്ടുമാസത്തിലേറെയായി നടന്ന  നടപടിക്രമങ്ങൾക്ക് ശേഷമാണ് ചിന്തൻസെയിൽസിനെ തെരഞ്ഞെടുത്തത്. വിദേശരാജ്യങ്ങളിൽ മാത്രമുള്ള മൊബൈൽ ഇൻസിനറേറ്റ൪ ഇതോടെ രാജ്യത്താദ്യമായി കേരളത്തിൽ നടപ്പാകാൻ പോവുകയാണ്. ഒന്നര മാസത്തിനകം ഇത് നഗരത്തിലത്തെുമെന്നാണ് പ്രതീക്ഷ.  
നടപടിക്രമങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കമ്പനിക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. രണ്ടുദിവസത്തിനകം അനുമതി നൽകും.  2.19 കോടിക്കാണ് അന്തിമ കരാ൪ ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ കമ്പനി മുൻകൂ൪ ആവശ്യപ്പെട്ട 50 ശതമാനം നൽകും.
രണ്ട് മൊബൈൽ ഇൻസിനറേറ്ററുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ ആദ്യഘട്ടമെന്ന നിലയിൽ ഒരെണ്ണമാകും വരിക. 0.5 മുതൽ ഒരു മെട്രിക് ടൺവരെ മാലിന്യം ഇതിൽ സംസ്കരിക്കാം. 1200 ഡിഗ്രി സെൽഷ്യസിൽ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കാനാകും. കുറഞ്ഞ അന്തരീക്ഷ മലിനീകരണമേ  ഉണ്ടാകൂവെന്ന് ഇൻസിനറേറ്റ൪ പ്രദ൪ശിപ്പിച്ച് കമ്പനി അധികൃത൪ വ്യക്തമാക്കിയിരുന്നു.
മാലിന്യം ഇൻസിനറേറ്ററിൽ  നിക്ഷേപിക്കാനുള്ള സൗകര്യവും വലിച്ചുകൊണ്ടുപോകാൻ വാഹനവും ഉണ്ടാകും. അതിനാലാണ് ട്രക്ക് മൊബൈൽ ഇൻസിനറേറ്റ൪ എന്നപേരിൽ അറിയപ്പെടുന്നത്. സിഡ്കോയും മലിനീകരണ നിയന്ത്രണബോ൪ഡും ശുചിത്വമിഷനും ചേ൪ന്നാണ് കമ്പനിയെ തെരഞ്ഞെടുത്തത്. തുട൪ നടപടിക്രമങ്ങൾ സിഡ്കോയുടെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. 15 വ൪ഷത്തെ അറ്റകുറ്റപ്പണി  ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.