ന്യൂദൽഹി: ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപ്ൾ യാദവ് എതിരില്ലാതെ ലോക്സഭയിലേക്ക്. യു.പിയിൽ കനൗജ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാ൪ഥിയായ ഡിംപ്ളിനെതിരെ മത്സരിക്കേണ്ടെന്ന് മറ്റു പാ൪ട്ടികളെല്ലാം തീരുമാനിക്കുകയായിരുന്നു. കനൗജിൽ സ്ഥാനാ൪ഥിയെ നി൪ത്തേണ്ടെന്ന് കോൺഗ്രസാണ് ആദ്യം തീരുമാനിച്ചത്. പിന്നാലെ, ബി.എസ്.പിയും ബി.ജെ.പിയും ഇതേ പ്രഖ്യാപനം നടത്തി. പിന്നീട് മത്സരരംഗത്ത് അവശേഷിച്ച പേരിന് മാത്രം മത്സരിക്കുന്ന ഒരു പാ൪ട്ടി നേതാവും ഒരു സ്വതന്ത്രനും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ മത്സരത്തിൽനിന്ന് പിന്മാറി. ഇതോടെ, ഡിംപ്ൾ മാത്രമാണ് മത്സരത്തിൽ അവശേഷിക്കുന്നതും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും അഡീഷണൽ ഇലക്ടറൽ ഓഫിസ൪ രമേശ് ചന്ദ് പറഞ്ഞു.
അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായപ്പോൾ എം.പി സ്ഥാനം രാജിവെച്ചതിനെ തുട൪ന്നാണ് കനൗജ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 35കാരിയായ ഡിംപ്ൾ യാദവിന് ഇത് തെരഞ്ഞെടുപ്പ് ഗോദയിൽ രണ്ടാമങ്കമാണ്. കന്നിയങ്കം 2009ൽ യു.പിയിലെ ഫിറോസാബാദ് ലോക്സഭാ മണ്ഡലത്തിലായിരുന്നു. കനൗജിലും ഫിറോസാബാദിലും മത്സരിച്ച് ജയിച്ച അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് ഒഴിഞ്ഞപ്പോൾ ഡിംപ്ളിന് നൽകുകയായിരുന്നു. എന്നാൽ, ഭ൪ത്താവ് വലിയവിജയം നേടിയേടത്ത് ഭാര്യ പച്ചതൊട്ടില്ല. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ എസ്.പി നേതാവ് രാജ് ബബ്ബാറിന് മുന്നിൽ ഡിംപ്ൾ തോറ്റു. രണ്ടാമങ്കത്തിൽ എല്ലാ പാ൪ട്ടികളുടെയും പിന്തുണയിൽ എതിരില്ലാതെ ജയിച്ചതിന്റെ തിളക്കവുമായാണ് ഭ൪ത്താവിന്റെ അച്ഛൻ മുലായം കാരണവരായുള്ള ലോക്സഭയിലേക്ക് ഡിംപ്ൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.