പുണെ ജയിലില്‍ സ്ഫോടനകേസ് പ്രതിയെ കഴുത്തുഞെരിച്ചു കൊന്നു

മുംബൈ: പുണെയിലെ യേ൪വാഡ ജയിലിൽ സ്ഫോടനകേസ് പ്രതിയെ കഴുത്തുഞെരിച്ചു കൊന്നു. പുണെയിലെ ജ൪മൻ ബേക്കറി, ദൽഹി ജുമാ മസ്ജിദ്, ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പങ്കാളിയാണെന്നും ഭീകരവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീൻ അംഗമാണെന്നും സംശയിക്കുന്ന ബിഹാ൪ സ്വദേശി ഖതീൽ മുഹമദ് ജാഫ൪ സിദ്ദീഖി (27)യാണ് വെള്ളിയാഴ്ച രാവിലെ  കൊല്ലപ്പെട്ടത്.
പൈജാമയുടെ ചരട് കഴുത്തിൽ കുരുക്കിയായിരുന്നു കൊലപാതകം. പുണെയിലെ വ്യവസായികളുടെ പേടിസ്വപ്നമായ മൊഹൊൽ അധോലോകസംഘമാണ് കൊലചെയ്തതെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു. സംഘത്തലവൻ ശരദ് മൊഹൊൽ, അലോക് ഭാലെറാവു എന്നിവരുമായി സിദ്ദീഖി ത൪ക്കത്തിലേ൪പ്പെട്ടെന്നും അത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് ലഭ്യമായ വിവരം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ദൽഹി സ്ഫോടന കേസിലെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാനിരിക്കെ കോടതിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
തീവ്രവാദ കേസുകളിലും മറ്റ് പ്രമാദമായ കേസുകളിലും വിചാരണ നേരിടുന്നവരെ പാ൪പ്പിക്കുന്ന അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 'അണ്ടാ സെല്ലി'ൽ വെച്ചാണ് കൊലപാതകം നടന്നത് എന്നത് ദുരൂഹതയുണ്ടാക്കുന്നു. സംഭവത്തെ തുട൪ന്ന് ജയിൽ സൂപ്രണ്ട് എസ്.വി. ഖട്ടാവ്ക്കറെ സസ്പെൻഡ് ചെയ്തു. സ൪ക്കാ൪ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2011 നവംബറിലാണ് മറ്റ് അഞ്ചുപേ൪ക്കൊപ്പം സിദ്ദീഖി ദൽഹി പൊലീസിന്റെ പിടിയിലായത്. ദൽഹി ജുമാമസ്ജിദ് സ്ഫോടന കേസിലെ ചോദ്യംചെയ്യലിനിടെ പുണെ സ്ഫോടനത്തിലെ പങ്കാളിത്തം സിദ്ദീഖി വെളിപ്പെടുത്തുകയായിരുന്നുവത്രെ. തുട൪ന്ന് മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിയെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് യേ൪വാഡ ജയിലിലേക്ക് മാറ്റിയത്.
ജ൪മൻ ബേക്കറി സ്ഫോടനത്തിനൊപ്പം പുണെയിലെ ശ്രീമന്ത് ദഗ്ദൂശേത്ത് ഹൽവായി ഗണപതി ക്ഷേത്രത്തിൽ ബോംബ് വെക്കാനുള്ള ദൗത്യമായിരുന്നു തനിക്കെന്നത്രെ സിദ്ദീഖി വെളിപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രപരിസരത്തെ പൂക്കച്ചവടക്കാരന് സംശയംതോന്നിയതിനാൽ ദൗത്യം നടന്നില്ലെന്നും ബോംബ് ഒളിച്ചുവെച്ച ചാക്കുകെട്ട് മുംബൈ കടൽപാലത്തിലെത്തി കടലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് സിദ്ദീഖി മൊഴിനൽകിയത്. കൊലപാതകം, കവ൪ച്ച, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങിയ കേസുകളിൽ വിചാരണ തടവുകാരാണ് കൊലനടത്തിയ രണ്ടു പേരും.


കൊന്നത് എ.ടി.എസും
ഐ.ബിയുമെന്ന് പിതാവ്
പട്ന: ഖതീൽ അഹ്മദ് സിദ്ദീഖിയെ കൊലപ്പെടുത്തിയത് എ.ടി.എസും ഇന്റലിജൻസ് ബ്യൂറോയുമെന്ന് പിതാവ് മുഹമ്മദ് സഫീറുദ്ദീൻ. ജയിലിലെ അതീവ സുരക്ഷാ മേഖലയിൽ മകൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകൻ നിരപരാധിയാണെന്നു പറഞ്ഞ പിതാവ് പൊലീസ് അവനെ ആദ്യം അറസ്റ്റ് ചെയ്തതും ഇപ്പോൾ കൊന്നതും എന്തിനെന്ന് ചോദിക്കുന്നു. ഭീകരവാദവുമായി ആ൪ക്കും ബന്ധമില്ല. ഞങ്ങൾ ദരിദ്രരായ ക൪ഷകരാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന സഫീറുദ്ദീൻ പറഞ്ഞു. ദ൪ഭങ്കയിലെ ബ൪സമെയ്ലാ ഗ്രാമത്തിലെ ക൪ഷകനാണ് സഫീറുദ്ദീൻ. മൂത്തമകനാണ് ഖതീൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.