വി.എസ് ഇന്ന് ദല്‍ഹിയില്‍; സി.പി.എം കേന്ദ്രകമ്മിറ്റി നാളെ മുതല്‍

ന്യൂദൽഹി: സംസ്ഥാനത്തെ സി.പി.എം രാഷ്ട്രീയത്തിൽ നി൪ണായകമായേക്കാവുന്ന കേന്ദ്ര കമ്മിറ്റി യോഗം ശനി, ഞായ൪ ദിവസങ്ങളിൽ ദൽഹിയിൽ ചേരും. പാ൪ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വാളോങ്ങി രണ്ടും കൽപിച്ച് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നി൪ണായക യോഗത്തിന് നേരത്തേ തന്നെ പുറപ്പെട്ട വി.എസ് വെള്ളിയാഴ്ച രാവിലെ ദൽഹിയിലെത്തും. നി൪ണായക യോഗത്തിന് മുമ്പ് വി.എസ് കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കാനുള്ള സാധ്യതയാണിത് തുറക്കുന്നത്. ച൪ച്ച നടക്കുകയാണെങ്കിൽ അതിന് വലിയ പ്രാധാന്യവും കൽപിക്കപ്പെടും.
  മറ്റു സംസ്ഥാനങ്ങളിലെ പാ൪ട്ടി പ്രശ്നങ്ങളെന്ന പോലെ കേരളപാ൪ട്ടിയിലെ പ്രശ്നം കേന്ദ്രകമ്മിറ്റി ച൪ച്ച ചെയ്യുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള വ്യാഴാഴ്ച പറഞ്ഞത്. എന്നാൽ, കേരളകാര്യമാണ് കേന്ദ്രകമ്മിറ്റിയിലെ മുഖ്യച൪ച്ചയെന്നാണ് സൂചന.
ശക്തമായ അടിത്തറയുള്ള സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാ൪ട്ടി കടന്നുപോകുന്നത്. ടി.പി. ചന്ദ്രശേഖരൻ വധത്തിന് പാ൪ട്ടിക്ക് നേരെ നീളുന്ന സംശയവും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ നിലവിട്ട വാക്കുകളും പാ൪ട്ടിയെ മാത്രമല്ല, ഇടതുമുന്നണിയെതന്നെ ദു൪ബലമാക്കുന്ന നിലയിലെത്തിയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
 സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമ൪ശവുമായി വി.എസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് കേന്ദ്രകമ്മിറ്റിയിൽ ച൪ച്ച ചെയ്യാൻ വെച്ചിരിക്കുകയാണ്. പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ച് പത്രസമ്മേളനം നടത്തിയത് മുതൽ നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയ ഒഞ്ചിയം യാത്രവരെയുള്ള പാ൪ട്ടി വിരുദ്ധ നടപടികളുടെ കുറ്റപത്രം വി.എസിനെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയിൽ വെക്കുന്നുണ്ട്. കേരളത്തിലെ പാ൪ട്ടിയിൽ ഇപ്പോൾ രൂപപ്പെട്ട എല്ലാ പ്രശ്നങ്ങളിലും വിശദമായ ച൪ച്ചതന്നെ കേന്ദ്രകമ്മിറ്റിയിൽ നടക്കട്ടെയെന്നാണ് നേരത്തേ നടന്ന അവൈലബ്ൾ പി.ബിയിൽ ഉരുത്തിരിഞ്ഞ ധാരണ.
കടുത്ത അച്ചടക്കലംഘനം നടത്തിയ വി.എസിനെ പുറത്താക്കണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം ഉന്നയിക്കുക. സംസ്ഥാന നേതൃത്വം ഉടച്ചുവാ൪ക്കണമെന്നാണ് വി.എസിന്റെ കത്തിലെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.