തൃക്കരിപ്പൂ൪: വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട് നവോദയാ വായനശാല ഗ്രന്ഥാലയം പ്രവ൪ത്തക൪ ഗ്രാമീണരെ പങ്കെടുപ്പിച്ച് പരിസര ശുചിത്വ സൗഹൃദ മത്സരം സംഘടിപ്പിച്ചു.
വായനശാലയുടെ സുവ൪ണ ജൂബിലിയുടെ ഭാഗമായാണ് ‘ശുചിത്വ വീടിനു സമ്മാനം’ പദ്ധതി നടപ്പാക്കുന്നത്. മഴക്കാല രോഗങ്ങളിൽ നിന്ന് തുരുത്തിനെ കാക്കുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.
ഗ്രാമത്തെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ജൂൺ പത്തിനും 17നുമിടയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രന്ഥശാല പ്രവ൪ത്തകരും വീടുകൾ സന്ദ൪ശിച്ച് മൂല്യനി൪ണയം നടത്തും. ഓരോ ഗ്രൂപ്പിലെയും മികച്ച വീടിനെ കണ്ടെത്തി എട്ട് വീടുകൾക്ക് സമ്മാനം നൽകും. ഇവയിൽ നിന്ന് വിദഗ്ധ സമിതി ഗ്രാമത്തിലെ ഏറ്റവും മികച്ച ശുചിത്വ വീട് കണ്ടെത്തി ശുചിത്വ പുരസ്കാരം നൽകും.
ശുചിത്വ കാര്യങ്ങൾ വിശദമാക്കുന്ന ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക, എലികൾ തുരന്നിടുന്ന ഇളനീ൪ തൊണ്ടുകൾ സംസ്കരിക്കുക, പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പുന$രുപയോഗം, ഉപയോഗ നിയന്ത്രണം എന്നിവ സംബന്ധിച്ച നി൪ദേശങ്ങളാണ് നൽകിയതെന്ന് വായനശാല സെക്രട്ടറി പി. വേണുഗോപാലൻ പറഞ്ഞു.
വനസംരക്ഷണ പ്രവ൪ത്തനങ്ങളിൽ സജീവമായ ഗ്രന്ഥാലയത്തിന് വനമിത്ര അവാ൪ഡ് ലഭിച്ചിരുന്നു.
ഇടയിലക്കാട് നിത്യഹരിത വനത്തിൽ അവിട്ടം നാളിൽ വാനരരെ ഊട്ടുന്നതിന് ഗ്രന്ഥാലയ പ്രവ൪ത്തകരാണ് നേതൃത്വം നൽകുന്നത്. മികച്ച ബാലവേദിക്കുള്ള അംഗീകാരവും ഗ്രന്ഥാലയത്തിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.