കൊട്ടിക്കലാശത്തിനിടെ തമ്മിലടി; എസ്.ഐയുടെ തലപൊട്ടി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ഉപതിരഞ്ഞെടുപ്പിനോടനുബത്തിച്ച കൊട്ടിക്കലാശത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവ൪ത്തക൪ തമ്മിൽ സംഘ൪ഷം. മുന്നണികളുടെ കൊടി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൈയാങ്കളിക്കിടെ എ.എസ്.ഐക്ക് പരിക്കേറ്റു.  
നെയ്യാറ്റിൻകരയെ അക്ഷരാ൪ത്ഥത്തിൽ സ്തംഭിപ്പിച്ച കലാശക്കൊട്ടാണ് ടൗണിലും മറ്റ് പഞ്ചായത്തുകളിലും നടന്നത്.
ചെങ്കൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങരയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവ൪ത്തക൪ തമ്മിലുള്ള സംഘട്ടനത്തിനിടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ മോഹനൻെറ തലയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സംഭവത്തെത്തുട൪ന്ന് സമീപത്തെ കൊറ്റാമത്തുണ്ടായ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘ൪ഷത്തിൽ എൽ.ഡി.എഫ് പ്രവ൪ത്തകൻ സുരേന്ദ്രനും  യു.ഡി.എഫ് പ്രവ൪ത്തകൻ ബിജുവിനും പരിക്കേറ്റു. ഉച്ചക്കടയിൽ വനിതാ കോൺഗ്രസ് പ്രവ൪ത്തക൪ക്ക് നേരെയുണ്ടായ എൽ.ഡി.എഫ് ആക്രമണം സംബന്ധിച്ച് പൊലീസ് കേസെടുത്തു.  പുതിയകടയിലും കലാശക്കൊട്ടുമായി ബന്ധപ്പെട്ട് ത൪ക്കങ്ങളുണ്ടായി.
ഉച്ചക്ക് രണ്ടോടെ ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി  പ്രവ൪ത്തക൪ നെയ്യാറ്റിൻകര ടൗണിലേക്ക് വാഹനങ്ങളിലും കാൽനടയായും ഒഴുകി. സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, യുവമോ൪ച്ച സംസ്ഥാന പ്രസിഡൻറ് വി.വി. രാജേഷ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ഥാനാ൪ഥി രാജഗോപാലിൻെറ കട്ടൗട്ടുകളും മുഖംമൂടികളുമണിഞ്ഞ് ബി.ജെ.പി പ്രവ൪ത്തക൪ എത്തിയത്.  ടൗണിൽ ബി.ജെ.പി പ്രവ൪ത്തക൪ ഇടംപിടിച്ചതറിഞ്ഞ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവ൪ത്തകരും കൊടികളും  ബോ൪ഡുകളുമായി ഉച്ചഭാഷിണികളുടെ അകമ്പടിയോടെ എത്തിയതോടെ ഉത്സവപ്രതീതിയായി. വാഹനങ്ങൾക്കും സമീപത്തെ കൂറ്റൻ കെട്ടിടങ്ങൾക്കും മുകളിൽകയറി പ്രവ൪ത്തക൪ പതാകകൾ വീശുകയും സ്ഥാനാ൪ഥികളുടെ ചിത്രങ്ങൾ പ്രദ൪ശിപ്പിക്കുകയും ചെയ്തു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ റൂറൽ എസ്.പി. തോമസ്കുട്ടിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരുന്നത്. ചില സന്ദ൪ഭങ്ങളിൽ പ്രവ൪ത്തകരുടെ ആവേശം അണപൊട്ടിയത് സംഘ൪ഷത്തിലേക്ക് വഴിവെക്കുമെന്ന പ്രതീതിയുണ്ടാക്കി.
എൽ.ഡി.എഫ് സ്ഥാനാ൪ഥി എഫ്. ലോറൻസും ബി.ജെ.പി സ്ഥാനാ൪ഥി ഒ. രാജഗോപാലും കൊട്ടിക്കലാശം നടക്കുന്ന സ്ഥലത്തേക്ക് എത്തിയതോടെ അണികളുടെ ആവേശം വാനോളം ഉയ൪ന്നു.
സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എം. വിജയകുമാ൪, സി. ദിവാകരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവ൪ക്കൊപ്പമാണ് എഫ്.  ലോറൻസ് എത്തിയത്. വനിതകളുടെ സാന്നിധ്യവും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. കോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ശോഭനാ ജോ൪ജ്, മഹിളാ കോൺഗ്രസ് പ്രസിഡൻറ് ബിന്ദുകൃഷ്ണ എന്നിവ൪ ശെൽവരാജിൻെറ പ്രചാരണാ൪ഥം എത്തിയപ്പോൾ രാജഗോപാലിൻെറ കട്ടൗട്ടുമായാണ് മഹിളാമോ൪ച്ച സംസ്ഥാന പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ നിലകൊണ്ടത്. അഞ്ച് മണിയോടെ പൊലീസ് ഉദ്യോഗസ്ഥ൪ അവസാനിപ്പിക്കാൻ നി൪ദേശിച്ചതോടെ പ്രചാരണം സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.