ബാണാസുര സാഗറിനെതിരെ തമിഴ്നാട് സുപ്രീംകോടതിയില്‍

ന്യൂദൽഹി: വയനാട് ബാണാസുര സാഗ൪ പദ്ധതിക്കെതിരെ തമിഴ്നാട് സ൪ക്കാ൪ സുപ്രീംകോടതിയെ സമീപിച്ചു. കാവേരി നദീജല ട്രൈബ്യൂണലിന്റെ ഉത്തരവ് അനുസരിച്ച് കേരളത്തിന് അനുവദിച്ചതിലും കുടുതൽ ജലം നിലവിൽ ഉപയോഗിക്കുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് ഹരജി സമ൪പ്പിച്ചത്.
ഏഷ്യയിലെ തന്നെ പ്രധാന മണ്ണണയാണ് വയനാട് പടിഞ്ഞാറത്തറയിലെ ബാണാസുര സാഗ൪ അണക്കെട്ട്. കബനി നദിയുടെ കൈവഴിയായ കാരാരമൻ തോട് തടഞ്ഞു നി൪ത്തിയാണ് ഈ മണ്ണണ കെട്ടിയിട്ടുള്ളത്. ഇതിൽ നിന്നുള്ള വെള്ളം വലിയ ടണൽ വഴി കൊണ്ടുപോയി കുറ്റ്യാടി വൈദ്യുതി പദ്ധതിക്ക് കേരളം ഉപയോഗിച്ചുവരുകയാണ്. പനമരം പുഴയിലൂടെ കബനിയിലും തുട൪ന്ന് കാവേരിയിലുമെത്തേണ്ട വെള്ളമാണിത്. കാവേരി ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിൽ  0.84 ടി.എം.സി വെള്ളമാണ് കേരളത്തിന് അനുവദിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ 1.75 ടി.എം.സി വെള്ളം കേരളം  എടുത്തുകൊണ്ടിരിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ ബാണാസുര സാഗ൪ പദ്ധതിയുടെ പ്രവ൪ത്തനം നി൪ത്തിവെക്കണമെന്ന് തമിഴ്നാട് ഹരജിയിൽ ആവശ്യപ്പെട്ടു.
നേരത്തേ ക൪ണാടകയും തമിഴ്നാടും ട്രൈബ്യൂണലിനു മുമ്പാകെ ഈ തടസ്സം ഉന്നയിച്ചിരുന്നു. എന്നാൽ, തമിഴ്നാടിന്റെ വാദം നിരാകരിക്കുന്ന കേരളം കാവേരിയുടെ കൈവഴിയായ കബനിയിൽ നിന്ന് 20 ടി.എം.സി വെള്ളമാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. കാവേരി ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് മാത്രമാണ് വന്നതെന്നും അന്തിമ വിധി വരുമ്പോൾ കേരളത്തിന് കൂടുതൽ ജലം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും കേരളം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.