2 ജി കേസില്‍ രാജക്ക് ജാമ്യം

ന്യൂദൽഹി: 15 മാസത്തെ ജയിൽവാസത്തിനു ശേഷം മുൻ ടെലികോം മന്ത്രി എ. രാജക്ക് ദൽഹി കോടതി ജാമ്യം അനുവദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2ജി സ്പെക്ട്രം കേസിലെ മുഖ്യപ്രതിയായ രാജക്ക് ഉപാധികളോടെയാണ് ദൽഹി പട്യാല ഹൗസിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചത്.
20 ലക്ഷത്തിന്റെ സ്വന്തം ജാമ്യത്തിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലുമാണ് രാജ ജയിൽമോചിതനായത്. ഇതോടെ 2ജി കേസിലെ മുഴുവൻ പ്രതികളും വിചാരണ തടവിൽനിന്ന് മോചിതരായി.
ജാമ്യംനേടുന്നതിനു മുമ്പ് പാസ്പോ൪ട്ട് അധികൃത൪ക്ക് കൈമാറണമെന്നും ജന്മനാടായ തമിഴ്നാട്ടിലേക്കും ടെലികോം വകുപ്പിലെ പഴയ ഓഫിസിലേക്കും പോകാൻ വിചാരണ കോടതിയുടെ പ്രത്യേക അനുവാദം വാങ്ങണമെന്നും കോടതി ഉപാധിവെച്ചു. ജാമ്യത്തിലിരിക്കുമ്പോൾ കേസിലെ ഏതെങ്കിലും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.
ജാമ്യാപേക്ഷയുടെ കാര്യത്തിൽ 2ജി അഴിമതി കേസിലെ മറ്റു 13 പ്രതികളെ പോലെയാണ് രാജയെയും പരിഗണിക്കേണ്ടതെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സൈനി വിധിന്യായത്തിൽ വ്യക്തമാക്കി. മറ്റെല്ലാ പ്രതികൾക്കും ജാമ്യംലഭിച്ചു. കേസിലെ മുഴുവൻ തെളിവുകളും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. വിചാരണയിലുള്ള പുരോഗതി വിലയിരുത്തുന്നതോടൊപ്പം രാജ തടവിൽ കഴിഞ്ഞ കാലയളവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. തെളിവുകൾ നശിപ്പിക്കാൻ രാജ സാക്ഷികളെ സ്വാധീനിക്കുമെന്ന സി.ബി.ഐയുടെ വാദം ജഡ്ജി തള്ളി.
2ജി കേസ് ഒരു വ൪ഷത്തിലേറെയായി മുന്നോട്ടുപോകുകയാണെങ്കിലും സി.ബി.ഐ ആരോപിക്കുന്ന തരത്തിലൊരു സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. അതിനാൽ, രാജയെ ഇനിയും വിചാരണ തടവിൽ വെക്കുന്നതിൽ കാര്യമില്ലെന്ന് വിധിയിൽ വിശദീകരിച്ചു.
തന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ആ൪.കെ. ചന്ദോലിയക്കും മുൻ ടെലികോം സെക്രട്ടറി സിദ്ധാ൪ഥ ബെഹുറക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് രാജ ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. 2ജി കേസിൽ നേരത്തേ ജാമ്യംലഭിച്ച ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയും രാജയുടെ ഭാര്യ പരമേശ്വരിയും നൂറിൽപരം ഡി.എം.കെ പ്രവ൪ത്തകരും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നത് കേൾക്കാനെത്തിയിരുന്നു.
ഉത്തരവ് വായിച്ചുകഴിഞ്ഞയുടൻ കോടതിമുറിയിൽ തടിച്ചുകൂടിയിരുന്ന ഡി.എം.കെ പ്രവ൪ത്തകൾ പരിസരം മറന്ന് വിജയാരവം മുഴക്കി. അനുയായികൾ പലരും രാജയുടെ കരംകവ൪ന്നു. വിധികേട്ട് സന്തോഷാശ്രുക്കൾ പൊഴിച്ച രാജയുടെ ഭാര്യ പരമേശ്വരി, വലിയൊരു നിയമയുദ്ധം മുന്നിൽകിടക്കുകയാണെങ്കിലും വളരെയേറെ സന്തോഷവതിയാണെന്ന്  മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയെ സ്വാഗതംചെയ്ത ഡി.എം.കെ നേതാവ് തിരുച്ചി സെൽവ രാജ, കേസിൽ കുറ്റമുക്തനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ജാമ്യംലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡി.എം.കെ നേതാവ് ടി.ആ൪. ബാലുവും പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.