ന്യൂദൽഹി: വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ചതിന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമീഷൻ ചെയ൪മാനുമായ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഇതേ ആവശ്യമുന്നയിച്ച് സമ൪പ്പിച്ച മറ്റൊരു ഹരജി ജസ്റ്റിസുമാരായ ബി.എസ് ചൗഹാൻ, ജഗദീഷ് സിങ്ങ് കേഹാ൪ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളുകയും ചെയ്തു.
കേസിൽ തിങ്കളാഴ്ച വാദം കേട്ട ശേഷമാണ് കോടതി വിധിപറയാൻ മാറ്റിവെച്ചത്. ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബാംഗങ്ങളും അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന ആരോപണങ്ങളുയ൪ന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സ൪ക്കാറിന് നി൪ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ‘കോമൺ കോസ്’ എന്ന സ൪ക്കാറിതര സന്നദ്ധ സംഘടനക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ഹരജി സമ൪പ്പിച്ചത്. ന്യായാധിപ പദവിയിലിരിക്കേ 2004നും 2009നുമിടയിൽ ജസ്റ്റിസ് തൻെറ ബന്ധുക്കളുടെ പേരിൽ 40 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നു പ്രശാന്തിൻെറ പരാതി. വേണ്ടുവോളം തെളിവുണ്ടായിട്ടും അദ്ദേഹത്തിനെതിരെ സ൪ക്കാറിൻെറ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രശാന്ത് ബോധിപ്പിച്ചു. തന്നെ സ്വാധീനിക്കാൻ അഭിഭാഷകൻ മുഖേന മുൻ കേന്ദ്ര മന്ത്രി രാജ ശ്രമിച്ചുവെന്ന് ഇപ്പോൾ സുപ്രീംകോടതിയിലുള്ള ജസ്റ്റിസ് എച്ച്.എൽ ഗോഖലെപരാതി നൽകിയപ്പോൾ ആ പരാതി അന്വേഷിച്ചില്ലെന്ന് മാത്രമല്ല അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ പറഞ്ഞുവെന്നും പ്രശാന്ത് വ്യക്തമാക്കി.
അതേസമയം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ഉയ൪ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയെ അറിയിച്ചു.
ജസ്റ്റിസ് ബാലകൃഷ്ണൻെറ മരുമക്കളും സഹോദരനും സമ്പാദിച്ച സ്വത്തുക്കളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സ൪ക്കാറിന് വേണ്ടി ഹാജരായ അറ്റോ൪ണി ജനറൽ ഗുലാം ഇ വഹൻവതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബോധിപ്പിച്ചിരുന്നു. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻെറ മരുമക്കളും സഹോദരനും സമ്പാദിച്ച സ്വത്തുക്കളുടെ കണക്കെടുപ്പ് ആദായ നികുതി വകുപ്പാണ് നടത്തിയിയതെന്നും ജി.ഇ വഹൻവതി അറിയിച്ചു. തുട൪ന്നാണ് കേസ് വാദം കേൾക്കാനായി ജസറ്റിസ് ബി.എസ് ചൗഹാൻെറ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് മാറ്റിയത്.
അതിനിടെ ഇതേ ആവശ്യമുന്നയിച്ച അഡ്വ. മനോഹരിലാൽ ശ൪മയുടെ ഹരജി ഈ ബെഞ്ച് തള്ളി. ആദ്യം ഈ ആവശ്യമുന്നയിച്ച് പരാതി സമ൪പ്പിക്കുകയായിരുന്നു വെണ്ടതെന്ന് ശ൪മയോട് കോടതി പറഞ്ഞു. എല്ലാം വഴിമുട്ടി അവസാനമാണ് സുപ്രീംകോടതിയിൽ വരേണ്ടത്. എന്നാൽ അവസാനത്തെ വഴി ആദ്യം തെരഞ്ഞെടുത്തിരിക്കുകയാണ് ശ൪മയെന്ന് കോടതി കുറ്റപ്പെടുത്തി. ശ൪മയുടെ അവതരണ രീതിയിൽ രണ്ടു തവണ അസംതൃപ്തി രേഖപ്പെടുത്തിയ കോടതി ഒരു തവണ ക്ഷമാപണം നടത്താനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കോടതിയോട് ഗൗരവത്തിൽ പെരുമാറണമെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാൻ ശ൪മയെ ഓ൪മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.