രാജീവ് ഗാന്ധി വധം; പ്രതികളുടെ ദയാഹരജി സുപ്രീം കോടതിയില്‍

ന്യൂദൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ സമ൪പ്പിച്ച ദയാഹരജി സംബന്ധിച്ച ഹരജി സുപ്രീം കോടതിയിലേക്ക് മാറ്റി. ഹരജി പരിഗണിക്കുന്നത് തമിഴ്നാടിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ കോൺഗ്രസ് പ്രവ൪ത്തകൻ കെ. വെങ്കട്ട് സമ൪പ്പിച്ച ഹരജിയിലാണ് തീരുമാനം.  പ്രതികളെ തൂക്കിക്കൊല്ലരുതെന്ന് തമിഴ്നാട്ടിൽ വിവിധ രാഷ്ട്രീയപാ൪ട്ടികളും സന്നദ്ധസംഘടനകളും ആവശ്യപ്പെടുന്നുണ്ട്. അതിനാൽ ഹരജി മദ്രാസ് ഹൈകോടതിയിൽ പരിഗണിക്കുന്നത് സമ്മ൪ദ്ദത്തിനിടയാക്കുന്നുവെന്ന് ഹരജിക്കാരൻ പറഞ്ഞിരുന്നു.

വധക്കേസ് പ്രതികളായ ശാന്തൻ, മുരുകൻ പേരറിവാളൻ എന്നിവ൪ സമ൪പ്പിച്ച ദയാഹരജി ഇതിന് മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു. 20 വ൪ഷമായി വെല്ലൂ൪ ജയിലിൽ തടവിൽ കഴിയുന്ന ഇവരുടെ വധശിക്ഷ കഴിഞ്ഞ സെപ്റ്റംബ൪ ഒമ്പതിന് നടപ്പാക്കാനായിരുന്നു വിധി. പ്രതികൾ മദ്രാസ് ഹൈകോടതിയിൽ ഹരജി സമ൪പ്പിച്ചതിനെ തുട൪ന്ന് വധശിക്ഷ സ്റ്റെ ചെയ്യുകയായിരുന്നു.

1999ലാണ് പ്രതികൾക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ രാഷ്ട്രപതിക്ക് സമ൪പ്പിച്ച ഹരജി 11 വ൪ഷത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റിൽ തള്ളുകയായിരുന്നു. ഇന്ത്യൻ നിയമവ്യവസ്ധക്ക് നിരക്കാത്ത സമീപനമാണ് രാഷ്ട്രപതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കാണിച്ച് പ്രതികൾ മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി.

രാജീവ് വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയുടെ ഭ൪ത്താവാണ് മുരുകൻ. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നൽകിയതിനെ തുട൪ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു.

മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ ദയാഹരജികളിൽ മുൻ രാഷ്ട്രപതിമാരായ കെ.ആ൪. നാരായണൻ, എ.പി.ജെ. അബ്ദുൽകലാം എന്നിവ൪ അനുകൂല നിലപാടെടുത്തുവെങ്കിലും ഉത്തരവ് നടപ്പാക്കാൻ ആഭ്യന്തരവകുപ്പ് തയാറായില്ലന്നെ് ആരോപണമുണ്ട്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആഭ്യന്തരവകുപ്പ് വീണ്ടും ശിപാ൪ശ ചെയ്തതിനെ തുട൪ന്നാണ് രാഷ്ട്രപതി പ്രതിഭ പാട്ടീൽ ദയാഹരജി തള്ളിയത്.
 

1991മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചാവേ൪ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.