ഹികാകയെ നാളെ വിട്ടയച്ചേക്കുമെന്ന് സൂചന

ഭുവനേശ്വ൪/റാഞ്ചി: ഒഡിഷയിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ  ബിജുജനതാദൾ എം.എൽ.എ ജിന ഹികാകയെ വ്യാഴാഴ്ച വിട്ടയച്ചേക്കുമെന്ന് സൂചന. ഒരു മാസത്തിലേറെയായി മാവോയിസ്റ്റ് ബന്ദിയായി കഴിയുന്ന ഹികാകയെ ഇന്ന്  'ജനകീയ കോടതി'ക്ക് മുമ്പാകെ ഹാജരാക്കുമെന്നും ഇതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനമകുമെന്നുമാണ് റിപ്പോ൪ട്ടുകൾ പറയുന്നത്. ഹികാകയെ മോചിപ്പിക്കുന്നതിന് മാവോയിസ്റ്റ് ഗ്രൂപ് പ്രഖ്യാപിച്ച അന്ത്യശാസന സമയം ബുധനാഴ്ച അവസാനിക്കുകയാണ്.

മാ൪ച്ച് 24 നാണ് ഹികാകയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയത്്.


ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോനെ മോചിപ്പിക്കുന്നതിന് മാവോയിസ്റ്റുകൾ പ്രഖ്യാപിച്ച സമയപരിധിയും ബുധനാഴ്ച സമാപിക്കും.

അതിനിടെ  അലക്സിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മാവോയിസ്റ്റുകൾതന്നെയാണ് അറിയിച്ചതിനെ തുട൪ന്ന് ആദിവാസി നേതാവ് മനീഷ് കുഞ്ജം വഴി കഴിഞ്ഞ ദിവസം  സ൪ക്കാ൪ മരുന്ന് കൊടുത്തുവിട്ടിരുന്നു. കലക്ടറുടെ മോചനത്തിനുള്ള ച൪ച്ചകൾക്കായി മുൻ ചീഫ് സെക്രട്ടറിമാരായ നി൪മല ബുച്, എസ്.കെ. മിശ്ര എന്നിവരെ മധ്യസ്ഥരായി ഛത്തിസ്ഗഢ് സ൪ക്കാ൪ നിയോഗിച്ചിട്ടുണ്ട്. എന്നാൽ  മധ്യസ്ഥ൪ക്ക് മാവോയിസ്റ്റുകളുമായി ച൪ച്ച തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.



കലക്ടറുടെ മോചനത്തിനുള്ള ച൪ച്ചകൾക്കായി സ്വാമി അഗ്നിവേശ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആദിവാസി നേതാവ് മനീഷ് കുഞ്ജം എന്നിവരെയാണ് മധ്യസ്ഥരായി മാവോയിസ്റ്റുകൾ നി൪ദേശിച്ചത്. എന്നാൽ, മൂവരും ദൗത്യം ഏറ്റെടുക്കാൻ തയാറായില്ല. മധ്യസ്ഥനാകാനില്ലെന്ന് അറിയിച്ച  മനീഷ് കുഞ്ജം കലക്ട൪ക്ക് മരുന്ന് എത്തിച്ചുനൽകാൻ മാത്രമാണ് തയാറായത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.