ഹാമിദ് അന്‍സാരിക്ക് പിന്തുണയുമായി ലാലു പ്രസാദ്

ന്യൂദൽഹി: പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾ ചൂടു പിടിക്കുന്നതിനിടെ  ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്ക് പിന്തുണയുമായി ആ൪.ജെ.ഡി നേതാവും ബീഹാ൪ മുൻ മുഖ്യമന്ത്രിയുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. രാഷ്ട്രപതി സ്ഥാനാ൪ഥിയാകാൻ ഹാമിദ് അൻസാരി എന്ത്കൊണ്ടും അനുയോജ്യനാണെന്നാണ് ലാലു പറയുന്നത്.

എ.പി.ജെ അബ്ദുൾ കലാമിന്റെ കാര്യം മാധ്യമപ്രവ൪ത്തക൪ ചൂണ്ടിക്കാട്ടിയപ്പോൾ കലാം ഒരിക്കൽ പ്രസിഡന്റായതാണെന്നായിരുന്നു ലാലു പ്രസാദിന്റെ മറുപടി. ഹാമിദ് അൻസാരി രാഷ്ട്രപതി സ്ഥാനത്തിന് അ൪ഹനാണെന്നും രാജ്യസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്നും ലാലു കൂട്ടിച്ചേ൪ത്തു.

ഒരു ചേരിക്കും വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാൻ കഴിയില്ലെന്നിരിക്കേ, രാഷ്ട്രീയത്തിന് അതീതനായൊരു സ്ഥാനാ൪ഥി ഉയ൪ന്നുവരണമെന്ന് എൻ.സി.പി. നേതാവ് ശരദ്പവാ൪ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. യു.പി.എയിലെ ഘടക കക്ഷിയായ തൃണമൂൽ കോൺഗ്രസിനെ കൂട്ടുപിടിച്ച് കോൺഗ്രസ്-ബി.ജെ.പിയിതര പാ൪ട്ടികളുടെ സമവായ സ്ഥാനാ൪ഥിയെ മുന്നോട്ടുവെക്കാൻ സമാജ് വാദി പാ൪ട്ടി ശ്രമിക്കുന്നുണ്ട്. സമവായമല്ലാതെ മറ്റു വഴിയില്ലെന്ന് കോൺഗ്രസിനും ബോധ്യപ്പെട്ടു കഴിഞ്ഞു.  

ജൂലൈയിലാണ് 13ാമത് രാഷ്ട്രപതി സ്ഥാനമേൽക്കേണ്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.