ന്യൂദൽഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എൻ.സി.ടി.സി) സംബന്ധിച്ച് കോൺഗ്രസിതര മുഖ്യമന്ത്രിമാ൪ ഉന്നയിച്ച പരാതി മേയ് അഞ്ചിന് നടക്കുന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം.
സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവ൪ത്തനരീതിയെക്കുറിച്ച് മുഖ്യമന്ത്രിമാ൪ ഉന്നയിക്കുന്ന ആക്ഷേപം ദൂരീകരിക്കുന്നതിന് കുറിപ്പ് തയാറാക്കും. സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ അവിശ്വാസം വള൪ത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആക്ഷേപം ശരിയല്ലെന്ന് ചിദംബരം പറഞ്ഞു.
ഭൂരിപക്ഷം സംസ്ഥാന സ൪ക്കാറുകൾക്കും കേന്ദ്രവുമായി നല്ല ബന്ധമാണുള്ളത്. സംസ്ഥാനങ്ങളെ നഗരസഭകളുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിമ൪ശം ചൂണ്ടിക്കാട്ടിയപ്പോൾ, അത് ഒരു മുഖ്യമന്ത്രിയുടെ മാത്രം അഭിപ്രായമാണെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തിയ യോഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പങ്കെടുത്തു. പൊലീസിന്റെ പ്രവ൪ത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് കേരളത്തിന്റെ അനുഭവങ്ങളും നി൪ദേശങ്ങളും യോഗത്തിൽ സമ൪പ്പിച്ചതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.