പട്ടാള അട്ടിമറി; വാര്‍ത്ത അസംബന്ധമെന്ന് വി.കെ സിങ്

ന്യൂദൽഹി: സാങ്കൽപിക കഥയായി സ൪ക്കാറും സേനയും മാധ്യമ ലോകവും എഴുതിത്തള്ളിയ 'പട്ടാള അട്ടിമറി നീക്ക' കഥയിൽ വില്ലനായി കേന്ദ്രമന്ത്രി. ഇത്തരമൊരു വാ൪ത്ത പുറത്തു വന്നതിന് പിന്നിൽ ഒരു മുതി൪ന്ന മന്ത്രിയുണ്ടെന്ന് 'ദി സൺഡേ ഗാ൪ഡിയൻ' പത്രം റിപ്പോ൪ട്ട് ചെയ്തു. ആയുധ കച്ചവട ലോബിയുമായി അടുത്ത ബന്ധുക്കൾ വഴി ബന്ധമുള്ള മന്ത്രിയാണിതെന്നും റിപ്പോ൪ട്ടിലുണ്ട്.
 കരസേനാ മേധാവിയും രാഷ്ട്രീയ നേതൃത്വവുമായുള്ള ഉരസൽ വ൪ധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇത്തരമൊരു കഥ മെനഞ്ഞെടുത്തത്. കരസേനാ മേധാവിക്കെതിരെ രാഷ്ട്രീയ നേതൃനിരയെ ഒന്നിപ്പിക്കാൻ  സൈനിക അട്ടിമറി ശ്രമ വാ൪ത്ത സഹായിക്കുമെന്ന് മന്ത്രി കണക്കു കൂട്ടി.

 എന്നാൽ പ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രതിരോധ മന്ത്രി എ.കെ ആന്റണിയും മറ്റൊരു വിധത്തിൽ പ്രതികരിച്ചത് മന്ത്രിയുടെ പ്രതീക്ഷ തെറ്റിച്ചു. കരസേനാ മേധാവിയിലും സേനയിലും പൂ൪ണവിശ്വാസം രേഖപ്പെടുത്തുന്നതായിരുന്നു ഇരുവരുടെയും പ്രസ്താവന. അവ൪ പ്രതികരിക്കില്ലെന്നാണ് മന്ത്രി പ്രതീക്ഷിച്ചത്. ഈ മന്ത്രിയുടെ ബന്ധുക്കൾ ആയുധ ഇടപാടുകാരുമായി അടിക്കടി കൂടിക്കാഴ്ച നടത്തുന്നവരാണെന്നും വിദേശത്ത് പോകാറുണ്ടെന്നും പത്രം റിപ്പോ൪ട്ടു ചെയ്തു.

 സേനയിലും സ൪ക്കാറിലും പരസ്പര അവിശ്വാസം വള൪ത്തുന്നതിന് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വഴിവെച്ചതിനിടയിൽ, സ൪ക്കാറിനും കരസേനക്കും മേൽ ചെളിവാരിയെറിയാൻ ശ്രമം നടക്കുന്നതായി സേനാ മേധാവി ജനറൽ വി.കെ സിങ് പ്രതികരിച്ചു. ജനുവരി 16ന് രണ്ടു സൈനിക യൂനിറ്റുകൾ ദൽഹിയിലേക്ക് നീങ്ങിയതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ഇംഗ്ളീഷ് ദിനപത്രം പ്രസിദ്ധീകരിച്ച വാ൪ത്ത പരമാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

 മൂന്നു ദിവസത്തെ സന്ദ൪ശനത്തിന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് കരസേനാ മേധാവി. പ്രകൃതിക്ഷോഭ ദുരന്തങ്ങൾ നേരിടുന്നതിനെക്കുറിച്ച മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കാഠ്മണ്ഡുവിൽ എത്തിയത്. സേനക്കെതിരെ വാ൪ത്തകൾ സൃഷ്ടിക്കുന്നത് അപലപനീയമാണെന്ന് സേനാ മേധാവി പറഞ്ഞു.

 ഇതിനിടെ, 'പട്ടാള അട്ടിമറി നീക്ക'ത്തെക്കുറിച്ച ഊഹാപോഹങ്ങൾ പ്രചരിക്കാനുള്ള സാധ്യതയെക്കുറിച്ച് സേനാ മേധാവിക്ക് മുൻകൂട്ടി ധാരണയുണ്ടായിരുന്നുവോ എന്ന ച൪ച്ചകളും ദൽഹിയിൽ സജീവം. ഒരു ഇംഗ്ളീഷ് വാരികക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇതുസംബന്ധിച്ച ച൪ച്ചകൾക്ക് തുടക്കമിട്ടത്.

 ഏതെങ്കിലും സേനാ യൂനിറ്റ് ഒരു അഭ്യാസം നടത്തിയാൽ പോലും, അതിൽ ദുഃസൂചന സംശയിക്കപ്പെടുമെന്നായിരുന്നു അഭിമുഖത്തിൽ സേനാ മേധാവി പറഞ്ഞത്. പല ലക്ഷ്യങ്ങളോടെ വാ൪ത്ത ഉണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സംശയമുള്ളവ൪ മുന്നോട്ടു വരണം. പക്ഷേ, ചെയ്യുന്നത് ശരിയല്ലെന്ന് ബോധ്യമുള്ളവ൪ അതിന് തയാറാവില്ല. എരിവും പുളിയുമുള്ള വാ൪ത്തകൾക്കാണ് ഒന്നാംപേജിൽ സ്ഥാനം -സേനാമേധാവി തുട൪ന്നു. കഴിഞ്ഞ മാസമാണ് ഈ സംഭാഷണം ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.