ന്യൂദൽഹി: വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ സൈനിക മേധാവി ജനറൽ വി.കെ സിങ്ങും കേന്ദ്ര സ൪ക്കാറും തമ്മിലെ പോര് മുറുകുന്നു. പ്രായ വിവാദത്തിൽ തന്നെ തോൽപിച്ച പ്രതിരോധ മന്ത്രി എ.കെ ആൻറണിക്കെതിരെ ജനറൽ സിങ് കരുക്കൾ നീക്കാൻ ശ്രമിക്കവെ, സ്വയം പ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ആൻറണി. സൈന്യത്തിലേക്ക് വാഹനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വാഗ്ദാനവും സൈന്യത്തിലെ ആയുധങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതും ആൻറണിയോടുള്ള നീരസത്തിൻെറ ഭാഗമായാണ് കരുതപ്പെടുന്നത്.
അതിനിടെ ,പ്രതിരോധ മന്ത്രിക്ക് കത്തയക്കുന്നതിന് പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് കത്തയച്ച് പ്രോട്ടോകോൾ ലംഘിച്ച സൈനിക മേധാവി രാജിവെക്കണമെന്ന് സമാജ്വാദി പാ൪ട്ടിയും ജനതാദൾ (യു) വും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചില്ല.
സിങ് പ്രധാനമന്ത്രിക്കയച്ച കത്ത് സഭയിൽ ബഹളത്തിന് കാരണമായി. ‘ഇത് വളരെ ഗൗരവപ്പെട്ട അച്ചടക്കലംഘനമാണ്. സൈനിക മേധാവി പുറത്ത് പോവണം. ഇതിനെതിരെ നാം നടപടിയെടുക്കുന്നില്ലെങ്കിൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും’. ജെ.ഡി.യു നേതാവ് ശിവാനന്ദ് തിവാരി പാ൪ലമെൻറിൽ ആവശ്യപ്പെട്ടു.
ഉത്തരവാദിത്തം ക൪ശനമായി പാലിക്കണമെന്നും കത്തിൻെറ വിഷയത്തിൽ സിങ് ഉത്തരവാദിയാണെങ്കിൽ അദ്ദേഹത്തെ പുറത്താക്കി ജയിലിലടക്കണമെന്നും സമാജ്വാദി പാ൪ട്ടി നേതാവ് രാംഗോപാൽ യാദവ് സഭക്ക് പുറത്ത് വാ൪ത്താ ലേഖകരോട് പറഞ്ഞു.
എന്നാൽ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ബി.ജെ.പി വക്താവ് രവിശങ്ക൪ പ്രസാദ് അറിയിച്ചു.
കത്ത് പുറത്തായതിന് കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.
അതേസമയം, താൻ പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തായതിൻെറ പൂ൪ണ ഉത്തരവാദിത്തം സ൪ക്കാറിനാണെന്ന് സൈനിക മേധാവി ജനറൽ വി.കെ സിങ് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ രാജ്യത്തിൻെറ സുരക്ഷ സ൪ക്കാ൪ ഏറ്റെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിൽ മന്ത്രി എ.കെ ആൻറണി പാ൪ലമെൻറിൽ നീരസം പ്രടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.