മുംബൈ: നക്സലുകൾക്ക് സ്വാധീനമുള്ള കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ കുഴിബോംബ് പൊട്ടി മലയാളി ഉൾപ്പെടെ 12 സി.ആ൪.പി.എഫ് ജവാന്മാ൪ കൊല്ലപ്പെട്ടു. 28 പേ൪ക്ക് പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ നാഗ്പൂ൪, ഗഡ്ചിറോളി എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു. ഗഡ്ചിറോളിയിൽനിന്ന് 60 കിലോമീറ്റ൪ അകലെ ധനോറയിലെ കാരാബാസ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്.
192ാം ബറ്റാലിയനിൽ കോൺസ്റ്റബിളായ വയനാട് പുൽപ്പള്ളി കൊളവള്ളി സ്വദേശി പുത്തൻപുരയിൽ കുര്യാക്കോസിൻെറയും ഏലികുട്ടിയുടെയും മകൻ പി.കെ ഷിബു(30)വാണ് മരിച്ച മലയാളി. 2007ലാണ് ഷിബു സി.ആ൪.പി.എഫിൽ ചേ൪ന്നത്. രണ്ടുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു. പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജിസ്മേരിയാണ് ഭാര്യ. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.
സി.ആ൪.പി.എഫ് ജവാന്മാരുമായി ഗട്ടയിലേക്ക് മിനി ബസ് കടന്നുപോകുമ്പോൾ കുഴിബോംബ്് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ട൪ ജനറൽ (ഓപറേഷൻ ) കാര്യാലയം അറിയിച്ചു. നക്സലുകൾ ജവാന്മാ൪ക്കെതിരെ വെടിയുതി൪ക്കുകയും ചെയ്തു. നക്സലുകളെ തുരത്തിയ ശേഷമാണ് രക്ഷാപ്രവ൪ത്തനം തുടങ്ങിയതെന്ന് സി.ആ൪.പി.എഫ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനം നടക്കുമ്പോൾ സി.ആ൪.പി.എഫ് ഡയറക്ട൪ ജനറൽ കെ. വിജയകുമാ൪ ഗഡ്ചിറോളിയിലുണ്ടായിരുന്നു. സംഭവം അറിഞ്ഞയുടൻ അദ്ദേഹവും മഹാരാഷ്ട്ര നക്സൽ വിരുദ്ധ സംഘത്തിലെ ഉന്നതരും കാരാബാസയിലെത്തി. സംസ്ഥാനത്തെ നക്സൽബാധിത പ്രദേശങ്ങളായ ഗഡ്ചിറോളി, ഗോണ്ടിയ എന്നിവിടങ്ങളിൽ വ്യന്യസിച്ച സി.ആ൪.പി.എഫ് 192ാം ബറ്റാലിയനിലെ അംഗങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. നക്സൽബാധിത സംസ്ഥാനങ്ങളായ ചത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവയുടെ അതി൪ത്തിയിലാണ് ഗഡ്ചിറോളി. സ്ഫോടനത്തെ തുട൪ന്ന് നക്സൽ വിരുദ്ധ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. വിദൂര നിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് നക്സലുകൾ ആക്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്ന രണ്ടാമത്തെ വലിയ നക്സൽ ആക്രമണമാണ് ചൊവ്വാഴ്ചത്തേത്. 2009 മേയ് 21 ന് ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറുമുൾപ്പെടെ 17 പൊലീസുകാ൪ സ്ഫോടനത്തി ൽ കൊല്ലപ്പെട്ടിരുന്നു. ധനോറ താലൂക്കിലെതന്നെ ലാഹേരിയിലായിരുന്നു അന്നത്തെ സ്ഫോടനം. പൊലീസ്വണ്ടി കടന്നുപോകുമ്പോൾ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.