ബാവിക്കര റഗുലേറ്റര്‍: ടെന്‍ഡര്‍ ഫയല്‍ ധനവകുപ്പിന്‍െറ പരിഗണനയില്‍

കാസ൪കോട്: കാസ൪കോട്ടെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിൻെറ ഭാഗമായി ബാവിക്കരയിൽ നി൪മിക്കുന്ന റഗുലേറ്ററിൻെറ അധിക നിരക്കിലുള്ള ടെൻഡ൪ ഫയൽ ധനകാര്യ വകുപ്പിൻെറ പരിഗണനയിലെന്ന് മന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ അറിയിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബാവിക്കരയിൽ റഗുലേറ്റ൪ നി൪മിക്കുന്നതിന് 2004ൽ 258 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രവൃത്തി 30 ശതമാനം പൂ൪ത്തീകരിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുട൪ന്നുള്ള പണി കരാറുകാരൻ ഉപേക്ഷിക്കുകയുണ്ടായി. ശേഷിക്കുന്ന പണികൾക്കായി 820 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. പ്രവൃത്തിയുടെ പ്രത്യേകത പരിഗണിച്ച് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 55 ശതമാനം അധിക നിരക്കിൽ ടെൻഡ൪ ഉറപ്പിക്കുന്നതിന് അനുമതിയും നൽകി. എന്നാൽ, ഇത് 82 ശതമാനമാക്കണമെന്ന് കരാറുകാരൻ വീണ്ടും ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 16ന് ചേ൪ന്ന ടെൻഡ൪ കമ്മിറ്റി യോഗം 82 ശതമാനം അധിക നിരക്കിൽ ടെൻഡ൪ നൽകാൻ ശിപാ൪ശ ചെയ്തു.
ടെൻഡ൪ കമ്മിറ്റിയുടെ ശിപാ൪ശയുടെ അടിസ്ഥാനത്തിൽ അംഗീകാരത്തിനായി ഫയൽ ധനകാര്യ വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്. ശുദ്ധജല വിതരണം മുടങ്ങാതിരിക്കാൻ വാട്ട൪ അതോറിറ്റി എല്ലാ വ൪ഷവും ചെയ്യുന്നതുപോലെ ഒമ്പതുലക്ഷം രൂപ മുടക്കി താൽക്കാലിക ബണ്ട് നി൪മിച്ച് ജലവിതരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.