കൊച്ചി മെട്രോക്ക് പച്ചക്കൊടി

കൊച്ചി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാന ബജറ്റിലും 150 കോടി രൂപ വകയിരുത്തി. പദ്ധതിക്ക് അന്തിമ അനുമതി നൽകേണ്ട പി.ഐ.ബി യോഗം വ്യാഴാഴ്ച ദൽഹിയിൽ ചേരാനുള്ള തീരുമാനവും പുറത്തുവന്നതോടെ ഏഴുവ൪ഷമായി കാത്തിരിപ്പ് തുടരുന്ന പദ്ധതി വൈകില്ലെന്ന് ഉറപ്പായി.
കേന്ദ്ര അനുമതി ലഭിക്കും മുമ്പേ കേന്ദ്ര ബജറ്റിൽ 60 കോടി വകയിരുത്തിയത് നേട്ടമായതിന് പിന്നാലെയാണ് സംസ്ഥാന ബജറ്റിലും തുക വകയിരുത്തിയത്. എന്നാൽ, 5000 കോടിക്കുമേൽ വരുന്ന പദ്ധതിക്ക് 150 കോടി മാത്രം നീക്കിവെച്ചത് തീ൪ത്തും അപര്യാപ്തമാണെന്ന വിമ൪ശവുമുണ്ട്്.
ഇടതുമുന്നണി സ൪ക്കാ൪ ബജറ്റിൽ കൊച്ചി മെട്രോക്ക് 158 കോടിയാണ് നീക്കിവെച്ചത്. തുട൪ന്നു വന്ന യു.ഡി.എഫ് സ൪ക്കാ൪ 25 കോടി രൂപ മാത്രമാണ് വകയിരുത്തിയത്്. ഇത് കടുത്ത വിമ൪ശത്തിനിടയാക്കിയിരുന്നു.
പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡി.എം.ആ൪.സിക്ക് കൈമാറുന്നതും മെട്രോ റെയിലിൻെറ അക്കൗണ്ട് സ്വകാര്യ ബാങ്കിൻെറ കൊല്ലത്തെ ശാഖയിൽ ആരംഭിച്ചതുമൊക്കെ വിവാദമായതോടെ പദ്ധതി പാളം തെറ്റുന്നുവെന്ന ആശങ്കയുണ്ടായി. എന്നാൽ, പദ്ധതി കാലതാമസം കൂടാതെ യാഥാ൪ഥ്യമാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞത്. 5147 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകുന്ന കാര്യം പബ്ളിക് ഇൻവെസ്റ്റ്മെൻറ് ബോ൪ഡ് പരിഗണിക്കാനിരിക്കെ അസാധാരണ നടപടിയിലൂടെയാണ് കേന്ദ്രബജറ്റിൽ 60 കോടി രൂപ പദ്ധതിക്ക് നീക്കിവെച്ചത്. പിറവം ഉപതെരഞ്ഞെടുപ്പിൻെറ കൂടി പശ്ചാത്തലത്തിലായിരുന്നു നടപടി എന്നാണ് വിലയിരുത്തപ്പെട്ടത്. ഏഴുവ൪ഷമായ മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവും വിവാദങ്ങളും പിറവത്ത് എൽ.ഡി.എഫ് പ്രചാരണായുധമാക്കിയിരുന്നു. കേന്ദ്ര ബജറ്റിലും പദ്ധതിക്ക് പണം നീക്കിവെച്ച സാഹചര്യത്തിൽ ഇനി ലഭിക്കേണ്ട അനുമതികൾക്ക് തടസ്സമുണ്ടാകില്ല. കേന്ദ്ര നഗരവികസന മന്ത്രാലയം രണ്ട് മാസത്തിനു മുമ്പേ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഇതിനു ശേഷവും സംസ്ഥാനത്തോട് ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടി ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പി.ഐ.ബി യോഗം വൈകാൻ ഇടയാക്കിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ആസൂത്രണ നിക്ഷേപ ബോ൪ഡ്. മെട്രോ റെയിലിൻെറ എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥരും വ്യാഴാഴ്ചത്തെ പി.ഐ.ബി യോഗത്തിൽ പങ്കെടുക്കും. യോഗത്തിൻെറ ക്ളിയറൻസിനുശേഷം സംസ്ഥാന മന്ത്രിസഭ പദ്ധതി പരിഗണിച്ച് അംഗീകാരം നൽകും. വൈകിയാണെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവ൪ത്തനങ്ങളും അടിസ്ഥാന സൗകര്യ നടപടികളും പുരോഗമിക്കുകയാണ്. പദ്ധതി നി൪മാണമാരംഭിക്കുമ്പോൾ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പ്രവ൪ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നോ൪ത്ത് മേൽപ്പാലം നാലുവരിയിൽ പുതുക്കിപ്പണിയാനുള്ള പ്രവ൪ത്തനങ്ങളുടെ ആദ്യഘട്ടം അഞ്ചുമാസത്തിനകം പൂ൪ത്തിയാക്കും. കെ.എസ്.ആ൪.ടി.സി ബസ് സ്റ്റാൻഡിന് സമീപം  മേൽപ്പാലത്തിൻെറ  നി൪മാണവും പുരോഗമിക്കുന്നു. മെട്രോ റെയിൽ സ്റ്റേഷനുകളുടെ സ്ഥല പരിശോധനയും പൂ൪ത്തിയായി. എം.ജി റോഡും ബാന൪ജി റോഡും വീതി കൂട്ടാനുള്ളതാണ് മറ്റൊരു നടപടി. തക൪ന്ന് കിടന്ന നഗരത്തിലെ പത്തോളം റോഡുകൾ അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു. വൈറ്റില മുതൽ പേട്ട വരെയുള്ള റോഡ് വികസിപ്പിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. സ്ഥലമെടുപ്പ് നടപടിയും പുരോഗമിക്കുന്നു.
ജപ്പാൻ ഇൻറ൪നാഷനൽ ക്രെഡിറ്റ് ഏജൻസിയിൽ നിന്ന് 2170 കോടിയുടെ വായ്പക്കും ഏറക്കുറെ ധാരണയായിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാലേ ഇക്കാര്യത്തിൽ തുട൪നടപടിയുണ്ടാകൂ. അനുമതി ലഭിച്ചാൽ മെട്രോ റെയിൽ പദ്ധതി മൂന്നുവ൪ഷത്തിനുള്ളിൽ യാഥാ൪ഥ്യമാക്കാൻ കഴിയുമെന്ന് ഡി.എം.ആ൪.സിയുടെ മുഖ്യ ഉപദേശകൻ ഇ. ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.