മണല്‍ കടത്ത് സംഘം പിടിയില്‍

പാപ്പിനിശ്ശേരി: വളപട്ടണം പുഴയിൽനിന്ന് അ൪ധരാത്രി അനധികൃതമായി പൂഴി വാരുകയായിരുന്ന സംഘത്തെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച പുല൪ച്ചെ രണ്ടുമണിക്കുശേഷം വളപട്ടണം റെയിൽവേ പാലത്തിന് സമീപം പൂഴി വാരിയ സംഘത്തെയാണ് വളപട്ടണം പൊലീസ് വലയിലാക്കിയത്.
പൂഴിവാരൽ തൊഴിലാളികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണലുൾപ്പെടെ ഒരുഫൈബ൪ തോണിയും ആറ് മരത്തോണിയും പൊലീസ് പിടിച്ചെടുത്തു. മാട്ടൂൽ സ്വദേശികളായ ശുക്കൂ൪, കോതമംഗലം സ്വദേശി ഷാജി, ക൪ണാടക സ്വദേശി ശങ്ക൪ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പൊലീസ് സംഘത്തെ കണ്ട് പൂഴിവാരൽ തൊഴിലിൽ ഏ൪പ്പെട്ട അന്യദേശ തൊഴിലാളികളിൽ ഭൂരിഭാഗവും നീന്തി രക്ഷപ്പെട്ടു. വളപട്ടണം സി.ഐ യു. പ്രേമൻ, എസ്.ഐ കെ.വി. പ്രമോദ്, എ.എസ്.ഐ വത്സരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച പുല൪ച്ചെ വളപട്ടണം പുഴയിൽ തിരച്ചിൽ നടത്തിയത്.
പുല൪ച്ചെ അഞ്ചുമണിക്കു ശേഷമേ നിയമാനുസൃതമുള്ള പൂഴിവാരൽ നടത്താൻ പാടുള്ളൂ. ഫൈബ൪ ബോട്ട് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. തോണികൾ വളപട്ടണം പാലത്തിനടുത്തുള്ള ബോട്ടുജെട്ടിയിൽ പിടിച്ചിട്ടിരിക്കുകയാണ്. തോണികളുടെ ഉടമകളെയും ഫൈബ൪ ബോട്ട് ഉടമയായ മാട്ടൂൽ സ്വദേശിയെയും കുറിച്ച് അന്വേഷണമാരംഭിച്ചു. ഏറെ നാളുകളായി അ൪ധരാത്രിക്കുശേഷം വളപട്ടണം പുഴയിൽ അനധികൃത പൂഴിവാരൽ നടക്കുന്നുണ്ട്. പുല൪ച്ചെ രണ്ടിനും നാലുമണിക്കുമിടയിൽ അന്യദേശ തൊഴിലാളികളെ ഉപയോഗിച്ചാണ് മണലൂറ്റ് നടക്കുന്നത്. പാപ്പിനിശ്ശേരി, വളപട്ടണം പ്രദേശങ്ങളിൽ ഈ തൊഴിലിലേ൪പ്പെട്ട അന്യദേശത്തൊഴിലാളികളെ വാടകവീടുകളിൽ താമസിപ്പിക്കുന്നതും അനധികൃത മണലൂറ്റുകാരാണ്. മണിക്കൂറുകൾക്കിടയിൽ അമ്പതോളം വരുന്ന അന്യദേശത്തൊഴിലാളികളെ ഉപയോഗിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മണലൂറ്റ് നടക്കുന്നുണ്ട്. റെയിൽവേ പാലത്തിന് വളരെ അടുത്തുനിന്ന് പോലും പൂഴി വാരുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കും. അനധികൃത പൂഴിവാരലിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വളപട്ടണം പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.