മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍

കോഴിക്കോട്: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയാ യൂനിറ്റിൽ രോഗികളെ വട്ടംകറക്കുന്ന പരിഷ്കാരം കൊണ്ടുവരുന്നു. മെഡിസിൻ, അസ്ഥിരോഗം ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തള്ളിക്കളഞ്ഞ പരിഷ്കാരമാണ് റസിഡൻസി മാന്വലിൻെറ മറപിടിച്ച് അടിച്ചേൽപിക്കാൻ നീക്കം നടക്കുന്നത്.
ഇത് പ്രാബല്യത്തിൽ വരുന്നതോടെ മെഡിക്കോ ലീഗൽ കേസിൽ (എം.എൽ.സി) പെടാത്ത രോഗികളെ വാ൪ഡിലേക്ക് മാറ്റിയശേഷമേ പരിശോധനയും ചികിത്സയും നൽകുകയുള്ളൂ. ഇത് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്നാണ് ആശങ്ക.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുള്ളതുപോലെ ജോലി ക്രമീകരിക്കുന്നതിൻെറ ഭാഗമായാണത്രെ പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്. ഇതനുസരിച്ച് അത്യാഹിത വിഭാഗത്തിലെ ചീഫ് മെഡിക്കൽ ഓഫിസറെ (സി.എം.ഒ) വാ൪ഡ് ഡ്യൂട്ടി മെഡിക്കൽ ഓഫിസ൪ എന്നും  ഡ്യൂട്ടി മെഡിക്കൽ ഓഫിസറെ (ഡി. എം.ഒ) കാഷ്വാലിറ്റി മെഡിക്കൽ ഓഫിസ൪ (സി.എം.ഒ) എന്നുമാക്കി മാറ്റും.
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസ൪ മെഡിക്കോ ലീഗൽ കേസ് മാത്രം നോക്കിയാൽ മതിയെന്നതിനാൽ മറ്റു രോഗികളെ വാ൪ഡ് ഡ്യൂട്ടി മെഡിക്കൽ ഓഫിസറുടെ അടുത്തേക്ക് വിടാനാണ് തീരുമാനം. ഇതോടെ രണ്ടാം നിലയിലുള്ള സ൪ജറി വാ൪ഡിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം എക്സ്റേ, ഇ.സി.ജി, സ്കാനിങ് തുടങ്ങിയ കാര്യങ്ങൾക്കോ ശസ്ത്രക്രിയക്കുതന്നെയോ രോഗികൾ വീണ്ടും താഴേക്ക് വരേണ്ട അവസ്ഥയുണ്ടാകും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാ൪ഡിന് സമീപത്തുതന്നെയായി ഓപറേഷൻ തിയറ്ററും മറ്റു സൗകര്യങ്ങളുമുള്ളതിനാൽ രോഗികൾക്കത് സൗകര്യമാണ്. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഓപറേഷൻ തിയറ്ററും എക്സ്റേ, ഇ.സി.ജി, ലബോറട്ടറി തുടങ്ങിയവയുമെല്ലാം അത്യാഹിത വിഭാഗത്തിന് അനുബന്ധമായി തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് മെഡിസിൻ, അസ്ഥിരോഗം ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നിലവിലുള്ള സ്ഥിതി തുട൪ന്നാൽ മതിയെന്ന് തീരുമാനിച്ചത്.
 ഇതൊന്നും പരിഗണിക്കാതെ സ൪ജറി വിഭാഗം മേധാവി പരിഷ്കരണത്തെ അനുകൂലിക്കുകയായിരുന്നുവത്രെ. പ്രായോഗികമായി അസാധ്യമായ പരിഷ്കരണത്തെച്ചൊല്ലി ഡോക്ട൪മാ൪ക്കിടയിൽതന്നെ അമ൪ഷമുണ്ട്. രോഗികളുടെ ജീവൻവെച്ച് പന്താടുന്നതാവരുത് പരിഷ്കരണമെന്നാണ് ഇവരുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.