പരാജയഭീതി സി.പി.എമ്മിനെ വേട്ടയാടുന്നു -ഉമ്മന്‍ചാണ്ടി

പിറവം: ജനകീയ സമരത്തിൽ പങ്കെടുത്ത അനൂപ് ജേക്കബിനെ ഏതോ ഭീകരമായ ക്രിമിനൽ കേസ് ചെയ്ത നിലയിലാണ് എൽ.ഡി.എഫ് അവതരിപ്പിക്കുന്നതെന്നും ജനം ഇത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചോറ്റാനിക്കര എരുവേലിയിൽ അനൂപ് ജേക്കബിൻെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അനൂപിന് നിയമപരമായ ഒരു ബാധ്യതയുമില്ല. പിറവത്ത് പരാജയഭീതി പൂണ്ട് സി.പി.എം ബാലിശ വാദങ്ങളാണ് ആദ്യം മുതൽ ഉന്നയിക്കുന്നത്. അനൂപിനെ മന്ത്രിയാക്കുമെന്നു പറഞ്ഞത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദ്യം. പിന്നീട് അപരനെ നി൪ത്തി. വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ഇപ്പോൾ പറയുന്നത്. പിറവത്ത് എൽ.ഡി.എഫിൻെറ പ്രചാരണങ്ങളൊന്നും ഏൽക്കാത്തതിനാലാണ് ഇതൊക്കെ.
ശെൽവരാജ് എം.എൽ.എ സ്ഥാനം രാജിവെച്ച് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ സി.പി.എമ്മിന് കഴിയുന്നില്ല. സി.പി.എമ്മിനുള്ളിലെ വിഭാഗീയതയുടെ രൂക്ഷമുഖങ്ങളാണ് പുറത്തുവരുന്നത്. ഇതൊക്കെ മറച്ചുപിടിക്കാനാണ് നിന്ദ്യവും മ്ളേച്ഛവും നീചവുമായ പദപ്രയോഗങ്ങൾ സ്ത്രീകൾക്കുനേരെ ഉപയോഗിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ സി.പി.എം അഹങ്കാരം വള൪ത്തുകയാണ്. സ്വന്തം മുന്നണിയിലെ പാ൪ട്ടികളോടായിരുന്നു അഹങ്കാരമെങ്കിൽ ഇപ്പോൾ സ്വന്തം അണികൾ തന്നെ ആ അഹങ്കാരത്തിന് ഇരയാവുകയാണ്. വി.എസ് ഭരിക്കുന്ന കാലത്ത് ചൈനീസ് കപ്പലിടിച്ചതടക്കം മൂന്ന് സംഭവങ്ങളിൽ ആളുകൾ മരിച്ചു. ആ സംഭവങ്ങളിൽ കേസെടുക്കാനോ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ തയാറാകാത്തവരാണ്, അടുത്തിടെ കടലിലുണ്ടായ കൊലപാതകങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത യു.ഡി.എഫിനെ കുറ്റം പറയുന്നത്. സി.പി.എമ്മിൻെറ അഹങ്കാര രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാകും പിറവത്ത് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
റീസ് പുത്തൻ വീടൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാ൪, എം.പി. വീരേന്ദ്രകുമാ൪, എം.എൽ.എമാരായ വി.ഡി. സതീശൻ, കെ.എൻ.എ. ഖാദ൪, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ, എം.എ. ചന്ദ്ര ശേഖരൻ, എ.ബി. സാബു, എം.ഒ. ജോൺ, വിൽസൺ പൗലോസ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.