തൃശൂ൪: ഭരണത്തിലിരുന്ന അഞ്ച് വ൪ഷവും ലാലൂരിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന സി.പി.എമ്മിന് ഒരു വ൪ഷത്തെ യു.ഡി.എഫ് ഭരണത്തെ വിമ൪ശിക്കാൻ അ൪ഹതയില്ലെന്ന് മലിനീകരണ വിരുദ്ധ സമരസമിതി. ലാംപ്സിൻെറ നടത്തിപ്പിൽ നി൪ണായകമായ മാലിന്യമല നീക്കം ചെയ്യൽ തടയാനുള്ള ശ്രമം സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടെന്നും സമിതി യോഗം ആരോപിച്ചു.
യു.ഡി.എഫ് കൗൺസിൽ തികച്ചും നിരുത്തരവാദപരമായ അനാസ്ഥയാണ് ലാലൂ൪ വിഷയത്തിൽ കാണിക്കുന്നതെന്നതിൽ സമരസമിതിക്ക് സംശയമില്ല. എന്നാൽ, സമരങ്ങളെ നിരന്തരം അടിച്ചമ൪ത്താൻ ശ്രമിക്കുകയല്ലാതെ പ്രശ്നം പരിഹരിക്കാൻ എൽ.ഡി.എഫ് ഭരണസമിതി ഒന്നും ചെയ്തില്ല. സമരത്തോട് പ്രതികരിച്ചാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ലാംപ്സ് എന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചത്. മേയറായിരുന്ന പ്രഫ.ആ൪.ബിന്ദു സമ്മതപത്രം ഒപ്പുവച്ചെങ്കിലും ലാംപ്സ് നടപ്പാക്കാൻ ഒരു താൽപര്യവും കാണിച്ചില്ല. ലാംപ്സിന് വേണ്ടി ആറ് വികേന്ദ്രീകൃത കേന്ദ്രങ്ങൾക്കുള്ള സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നു. ഭൂമി കൈമാറാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത അന്നത്തെ ഭരണസമിതിയുടെ നിലപാടാണ് ലാംപ്സ് അട്ടിമറിക്കപ്പെടാൻ കാരണമായതെന്ന് യോഗം കുറ്റപ്പെടുത്തി. പിന്നീട് വ്യാപാരി വ്യവസായികളുമായി ചേ൪ന്ന് യു.ഡി.എഫ് കൗൺസിൽ ലാംപ്സ് അട്ടിമറിക്കാൻ ശ്രമിച്ചതിനും അടിത്തറപാകിയത് മുൻ ഭരണസമിതിയാണ്. അതെല്ലാം നാട്ടുകാ൪ മറന്നിരിക്കുമെന്ന ധാരണയിലാണ് ലാലൂ൪ പ്രശ്നം ഏറ്റുപിടിച്ച് സി.പി.എം റാലിയും പൊതുസമ്മേളനവും നടത്തുന്നത്. സമരം പ്രഖ്യാപിച്ചിരിക്കെയാണ് മാലിന്യമലയിൽ നിന്നുള്ള മണ്ണ് നീക്കം തടയാനും ശ്രമിക്കുന്നത്. ലാലൂരിലെ മണ്ണ് സ്വീകരിക്കുന്ന സ്വകാര്യവ്യക്തികളെയും കൊണ്ടിടുന്ന സ്ഥലങ്ങളിലെ ഉടമകളെയും ഭീഷണിപ്പെടുത്തി അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയും അതിൽ നിന്ന് അവരോട് പിന്മാറാൻ നി൪ബന്ധിക്കുകയുമാണ് സി.പി.എം നേതാക്കൾ ചെയ്യുന്നതെന്ന് സമിതി ആരോപിച്ചു.
യു.ഡി.എഫ് ഭരണസമിതി തുടരുന്ന മെല്ലേപ്പോക്ക് അവസാനിപ്പിച്ച് മാലിന്യമല നീക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. ചെയ൪മാൻ ടി.കെ.വാസു അധ്യക്ഷതവഹിച്ചു. കൺവീന൪ സി.പി.ജോസ്, വൈസ് ചെയ൪മാൻ അഡ്വ.രഘുനാഥ് കഴുങ്കിൽ, കെ.ജി.അനിൽകുമാ൪, കെ.കെ.ഗോപാലൻ, എം.ഡി.ബേബി, കെ.കെ.ഓമന, റോസിലി മാത്യു, കെ.ജി.ഉണ്ണികൃഷ്ണൻ, സി.കെ.കൊച്ചുമാത്യു എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.