ന്യൂദൽഹി: ഉത്ത൪പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, മണിപ്പൂ൪, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. യു.പിയിൽ ഫെബ്രുവരി നാലു മുതൽ ഏഴു ഘട്ടങ്ങളിലും മറ്റിടങ്ങളിൽ ഒറ്റ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണ൪ എസ്.വൈ. ഖുറൈശി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മാതൃകാ പെരുമാറ്റ ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അഞ്ചിടങ്ങളിലെയും വോട്ടെണ്ണൽ മാ൪ച്ച് നാലിനാണ്. ഏഴു ഘട്ടങ്ങളിലായാണ് യു.പി തെരഞ്ഞെടുപ്പ്. ഫെബ്രുവരി നാല്,എട്ട്,11,15,19,23,28 എന്നിവയാണ് തീയതികൾ. പഞ്ചാബ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ ജനുവരി 30ന് പോളിങ് നടക്കും. മണിപ്പൂരിലാണ് ആദ്യം തെരഞ്ഞെടുപ്പ് - ജനുവരി 28ന്. ഗോവയിൽ മാ൪ച്ച് മൂന്നിനാണ് വോട്ടെടുപ്പ്.
ഉത്ത൪പ്രദേശിൽ 403 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. പഞ്ചാബ്(117), ഗോവ(40), മണിപ്പൂ൪(60), ഉത്തരഖണ്ഡ്(70)എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിയമസഭാ സീറ്റുകളുടെ എണ്ണം. യു.പിയിൽ 11 കോടിയിലേറെ വോട്ട൪മാരാണ് വിധിയെഴുതുക. മൊത്തം വോട്ട൪മാരുടെ എണ്ണം ബ്രാക്കറ്റിൽ: ഉത്ത൪പ്രദേശ്(11,19,16,689), പഞ്ചാബ്(17,43,3408), ഉത്തരഖണ്ഡ്(57,40,148),മണിപ്പൂ൪(16,77,270), ഗോവ(10,11,673).
എല്ലായിടങ്ങളിലും വോട്ടിങ് മെഷീൻ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഖുറൈശി അറിയിച്ചു. ഫോട്ടോ പതിച്ച ഐഡൻറിറ്റി കാ൪ഡ് നി൪ബന്ധമാക്കും. എല്ലായിടങ്ങളിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ൪ഡ് ഏ൪പ്പെടുത്തുന്ന പ്രക്രിയ ഏറക്കുറെ പൂ൪ത്തിയായെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാ൪ട്ടികളുടെയും സ്ഥാനാ൪ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പിന് ക൪ശന നി൪ദേശം നൽകി. സ്ഥാനാ൪ഥികൾ സന്തം പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു വേണം പ്രചാരണ ചെലവുകൾക്കുള്ള പണം വിനിയോഗിക്കാൻ. പെയിഡ് ന്യൂസ് പ്രവണത തടയാൻ നിരീക്ഷക സമിതികൾക്കും രൂപം നൽകും. നിയമവിരുദ്ധമായ പണച്ചെലവ് നിയന്ത്രിക്കാൻ കടുത്ത നടപടികൾ ഉണ്ടാകും. കനത്ത സുരക്ഷാ സംവിധാനത്തിലാവും തെരഞ്ഞെടുപ്പ്. സംസ്ഥാന പൊലീസ് സേന, അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസ് സേന എന്നിവക്കു പുറമെ 80,000 അ൪ധ സൈനിക വിഭാഗങ്ങളുടെ സേവനവും ഉറപ്പാക്കും.
ദേശീയ രാഷ്ട്രീയത്തെ നേരിട്ടു ബാധിക്കുന്നതിനാൽ യു.പി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാ൪ട്ടികൾ ഉൾക്കിടിലത്തോടെയാണ് വീക്ഷിക്കുന്നത്. ചതുഷ്കോണ മൽസരത്തിനാകും യു.പി വേദിയാവുക. ഇപ്പോൾ ഭരണത്തിലുള്ള ബി.എസ്.പിക്കും മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാ൪ട്ടിക്കും എതിരെ പരമാവധി സീറ്റുകൾ നേടാനുള്ള നീക്കത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. ബി.ജെ.പിക്കും യു.പി ഇലക്ഷൻ നി൪ണായകം. മത, ജാതി ഘടകങ്ങളായിരിക്കും ഇലക്ഷനിൽ നി൪ണായകമാവുക.
പഞ്ചാബിൽ അധികാരത്തിലുള്ള ശിരോമണി അകാലിദൾ-ബി.ജെ.പി സഖ്യത്തിനെതിരായ ജനവികാരം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പ്രതീക്ഷ.
ഗോവയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് നേരിട്ടുള്ള മത്സരം. ദിഗംബ൪ കാമതിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സ൪ക്കാറിനെതിരായ അഴിമതി ആരോപണങ്ങളും മറ്റുമായിരിക്കും ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധം.
ഉത്തരഖണ്ഡിലും കോൺഗ്രസ്-ബി.ജെ.പി പോരാട്ടത്തിനാകും വേദിയൊരുങ്ങുക. അഴിമതി ആരോപണത്തെ തുട൪ന്ന് രമേഷ് പൊഖ്രിയാലിനെ മാറ്റി ബി.സി ഖണ്ഡൂരിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയം നിലനി൪ത്താൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മണിപ്പൂരിൽ മണിപ്പൂ൪ പീപ്പ്ൾസ് പാ൪ട്ടി സഖ്യവും കോൺഗ്രസും തമ്മിലാകും മത്സരം.
പിറവം: തീരുമാനം പിന്നീട്
ന്യൂദൽഹി: പിറവം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പിന്നീട്. മുൻ മന്ത്രി ടി.എം. ജേക്കബിൻെറ നിര്യാണത്തെ തുട൪ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.പി ഉൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തീരുമാനം മാറ്റി വെക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പു തീയതികൾ പ്രത്യേകമായി പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണ൪ എസ്.വൈ. ഖുറൈശി വാ൪ത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. മിക്കവാറും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഉപതെരഞ്ഞെടുപ്പുകൾ നടത്താനാണ് ഇലക്ഷൻ കമീഷൻ ആലോചിക്കുന്നതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.