മദ്യലഹരിയില്‍ ആത്മഹത്യാ ഭീഷണിമുഴക്കിയ മധ്യവയസ്കനെ പൊലീസ് കീഴ്പ്പെടുത്തി

കായംകുളം: മദ്യലഹരിയിൽ ആത്മഹത്യാ ഭീഷണി മുഴക്കി അഞ്ചുമണിക്കൂറോളം നാടിനെ മുൾമുനയിൽ നി൪ത്തിയ മധ്യവയസ്കനെ പൊലീസ് കീഴ്പ്പെടുത്തി. കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറം കലൂ൪ വീട്ടിൽ ഫെലിക്സാണ് (59) നാട്ടുകാരെയും പൊലീസ്-ഫയ൪ഫോഴ്സ് ഉദ്യോഗസ്ഥരെയും വട്ടംകറക്കിയത്.
കുടുംബഓഹരിയെ ചൊല്ലിയുള്ള ത൪ക്കമാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്.  തിരുവല്ലയിൽ താമസിക്കുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയാണ് ഇവിടെയെത്തിയത്.  നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനാൽ ഇയാൾ വീട്ടിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുണ്ട്. രാവിലെ 11.30ഓടെ വീട് തുറന്ന് അകത്തുകയറിയ ഇയാൾ കൈയിൽ കരുതിയിരുന്ന മദ്യം അകത്താക്കി ബഹളംതുടങ്ങി. വിവരമറിഞ്ഞ്  പൊലീസ് എത്തിയതോടെ ബാക്കി മദ്യം വീട്ടിനുള്ളിൽ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിമുഴക്കി. പലതവണ കത്തിക്കാൻ ശ്രമിച്ചതോടെ ജനം പരിഭ്രാന്തരായി. പൊലീസും നാട്ടുകാരും അകത്തുകയറിയാൽ കത്തിക്കുമെന്ന ഭീഷണിയും ഉയ൪ന്നു. വൈകുന്നേരം നാലുമണിയോടെ ഫയ൪ഫോഴ്സ് എത്തിയതോടെ പിറകുവശത്തെ വാതിലിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുട൪ന്ന് പിടികൂടുകയായിരുന്നു.
ഇയാൾ നിരന്തരം  പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഒരുമാസം മുമ്പ് ഇയാളുടെ അനുമതിയില്ലാതെ കൃഷിചെയ്തതെന്ന കാരണത്താൽ വാഴകൃഷി വെട്ടിനശിപ്പിച്ചിരുന്നു. ഫെലിക്സിൻെറ മാതാവ് ജോയിയമ്മയാണ് ഇവിടെ താമസിച്ചിരുന്നത്. സുഖമില്ലാത്തതിനാൽ ഇവ൪ ഇപ്പോൾ സമീപത്തുള്ള മൂത്തമകനൊപ്പമാണ് താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.