റോഡില്‍ വീണ കാലിയെ ഒരു കിലോമീറ്റര്‍ വലിച്ചിഴച്ചു

കോട്ടായി: കയറ്റിക്കൊണ്ടു പോകും വഴി ലോറിയിൽനിന്ന് റോഡിലേക്ക് വീണ കന്നുകാലിയെ വണ്ടി ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. വടക്കഞ്ചേരി ഭാഗത്തുനിന്ന് വാണിയംകുളം ചന്തയിലേക്ക് കൊണ്ടുപോയ കന്നുകാലിക്കൂട്ടത്തിൽനിന്ന് ഒന്ന് പുല൪ച്ചെ ലോറിയിൽനിന്ന് വീഴുകയായിരുന്നു.
കഴുത്തിലെ കെട്ടുകയറിൽ തൂങ്ങിയ കാലിയെ കോട്ടായി പുളിന്തറ മുതൽ പാറയിലങ്ങാടി വരെ വലിച്ചിഴച്ചു.
വഴി മുഴുവൻ രക്തം തളംകെട്ടിയ നിലയിലായിരുന്നു പുല൪ച്ചെ. പാറയിലങ്ങാടിയിലെത്തിയപ്പോൾ കാലി വീണത് ശ്രദ്ധയിൽപ്പെട്ട ലോറിക്കാ൪ ഇതിനെ കെട്ടഴിച്ചു പുറത്തുതള്ളി. കാവലിന് ഒരു വൃദ്ധനെ ഏ൪പ്പാടാക്കിയ ശേഷം ലോറിക്കാ൪ സ്ഥലം വിട്ടു.
റോഡിൽ ഉരഞ്ഞ് കാലിയുടെ പിൻഭാഗത്തെ മാംസം അട൪ന്നു പോയ നിലയിലായിരുന്നു. ഉച്ചയോടെ ഓട്ടോയിലെത്തിയ കച്ചവടക്കാ൪ അവശനിലയിലായ കാലിയെ കടത്തിക്കൊണ്ടു പോയി. ബുധനാഴ്ച കോട്ടായിയിൽ ഹ൪ത്താലായിരുന്നതിനാൽ അധികമാരും സംഭവം അറിഞ്ഞില്ല.
കാലികളോടുള്ള ക്രൂരതയിൽ നാട്ടുകാ൪ ശക്തമായി പ്രതിഷേധിച്ചു.
കോട്ടായി പൊലീസ് സ്റ്റേഷൻെറ നൂറു മീറ്റ൪ ദൂരത്താണ് ചോരവാ൪ന്ന കാലിയെ ഉപേക്ഷിച്ചതും മണിക്കൂറുകൾക്കു ശേഷം കടത്തിക്കൊണ്ടു പോയതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.