ഡിസംബര്‍ ഫെസ്റ്റിനെ നെഞ്ചേറ്റി തിരൂര്‍

തിരൂ൪: കലയും സംസ്കാരവും വാണിജ്യവും സംഗമിക്കുന്ന അപൂ൪വ മേളയായ ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ ‘ഡിസംബ൪ ഫെസ്റ്റിനെ’ ആദ്യ ദിനം തന്നെ തിരൂ൪ നെഞ്ചേറ്റി. സ്റ്റാളുകളിലും സംഗീത നിശക്കും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ഫെസ്റ്റിലെ വൈവിധ്യമാ൪ന്ന സ്റ്റാളുകൾ തിരൂരിന് പുത്തൻ അനുഭവമായി. ജനുവരി ഒന്ന് വരെ നീളുന്ന ഫെസ്റ്റ് ജനകീയ മേളയാകുന്നതിൻെറ കാഴ്ചയാണ്  നഗരിയിൽ പ്രകടമായത്. പതിനായിരത്തിലേറെ ആളുകളാണ് ആദ്യ ദിവസം തന്നെ മേളക്കെത്തിയത്. വൈകുന്നേരം നാലര മുതൽ തന്നെ ആളുകൾ ഒഴുകിയെത്തിത്തുടങ്ങിയിരുന്നു.
 ആറ് മണിയായതോടെ കുടുംബങ്ങൾ തിരതല്ലിയെത്തി. അതോടെ സ്റ്റാളുകളിൽ നിന്നു തിരിയാനിടമില്ലാതായി. തുണിത്തരങ്ങൾ മുതൽ ഐ.ടി ഉൽപന്നങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരന്നു. കോഴിക്കോടൻ ഹൽവ, അക്വാറിയം, അഗ്രോ ഇൻഡ്സ്ട്രീസിൻെറ ഉൽപന്നങ്ങൾ, ഫാൻസി കേന്ദ്രങ്ങൾ, കറി പൗഡ൪ വിൽപന ശാലകൾ, ജൈവ വള വിൽപന, കേരള സോപ്പ്സ് ഉൽപന്നങ്ങൾ, മലപ്പുറം ജനശിക്ഷൺ സൻസ്ഥാൻെറ കരകൗശല ഉൽപന്നങ്ങൾ, കളിപ്പാട്ടം തുടങ്ങിയവ ഫെസ്റ്റിന് വൈവിധ്യമേകുന്നു. ഓട്ടോ എക്സ്പോയിൽ ജില്ലയിലെ പ്രമുഖ കാ൪ വിൽപന കേന്ദ്രങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 11 മുതൽ ഫെസ്റ്റ് ആരംഭിക്കും. രാത്രി ഒമ്പത് വരെയാണ് പ്രവേശം. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. എ.സി, നോൺ എ.സി വിഭാഗങ്ങളിലായി 150ഓളം സ്റ്റാളുകളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.