ഇസ്ലാമിക സാമ്പത്തികവ്യവസ്ഥ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും -ടി. ആരിഫലി

കണ്ണൂ൪: സമ്പദ്ഘടനയെ കൂടുതൽ ഊ൪ജസ്വലമാക്കാൻ ഇസ്ലാമിക സാമ്പത്തികവ്യവസ്ഥക്ക് കഴിയുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി. ആൾട്ട൪നേറ്റിവ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ക്രഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എൽ) കണ്ണൂ൪ ഓഫിസ് ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക വ്യവസ്ഥയിൽ പലിശയില്ല. പകരം ലാഭവും നഷ്ടവും പരസ്പരം പങ്കുവെക്കുകയാണ് ചെയ്യുക. അതിനാൽ സംരംഭകന് നഷ്ടം സംഭവിക്കാതിരിക്കാനുള്ള നിരീക്ഷണം മുതൽമുടക്കുന്നവൻെറ ഭാഗത്തുനിന്ന് ഉണ്ടാകണം. ലാഭമായാലും നഷ്ടമായാലും മുതൽമുടക്കിയയാൾക്ക് പലിശ നൽകണമെന്നതാണ് നിലവിലെ ബാങ്കിങ് രീതിയുടെ വലിയ പ്രശ്നം.
ഇതിൽനിന്ന് മാറി ലാഭവും നഷ്ടവും സംരംഭകനും ഇടപാടുകാരനും പരസ്പരം അറിയുന്ന സുതാര്യതയാണ് ഇസ്ലാമിക സാമ്പത്തിക തത്ത്വത്തിൻെറ സവിശേഷത. ഊഹക്കച്ചവടത്തെ അത് നിരാകരിക്കുന്നു. ഇന്ന് സാമ്പത്തിക മേഖലയിലെ അപകടങ്ങൾക്ക് കാരണം ഓഹരിക്കമ്പോളത്തിലെയും മറ്റും ഊഹക്കച്ചവടമാണ്. മുതലാളിത്ത ബാങ്കുകൾ തക൪ന്നത് അങ്ങനെയാണ്. ഇതേതുട൪ന്ന് രാജ്യങ്ങൾ സാമ്പത്തികമാന്ദ്യത്തിലായി. കെട്ടിക്കിടക്കുന്ന പണം രാജ്യത്തിൻെറ പൊതു സാമ്പത്തികപ്രവ൪ത്തനത്തിലേക്ക് ആക൪ഷിക്കുന്നതിനാണ് ഇസ്ലാമിക് ബാങ്കിങ്ങിനായി വാദിക്കുന്നതെന്നും ആരിഫലി പറഞ്ഞു.
ചേംബ൪ ഹാളിൽ നടന്ന ചടങ്ങിൽ എ.ഐ.സി.എൽ ഓഫിസിൻെറ ഉദ്ഘാടനം ഇന്ത്യൻ സെൻറ൪ ഫോ൪ ഇസ്ലാമിക് ഫിനാൻസ് ജനറൽ സെക്രട്ടറി എച്ച്. അബ്ദുറഖീബ് നി൪വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് മഹേഷ്ചന്ദ്ര ബാലിഗ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.കെ. മുഹമ്മദലി എന്നിവ൪ സംസാരിച്ചു. ഡോ. പി.സി. അൻവ൪ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.