അതിശൈത്യം: ഉത്തരേന്ത്യയില്‍ മരണം 75

ന്യൂദൽഹി: അതിശൈത്യത്തിന്റെ പിടിയിലമ൪ന്നുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിൽ  മരണസംഖ്യ 75 ആയി. തണുപ്പിന്റെ ആധിക്യം ഇനിയും അധികരിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ ആധിയിലാണ് ഇപ്പോൾ ഉത്തരേന്ത്യ.മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഉത്ത൪ പ്രദേശിലാണ്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് ഇത്രയുംപേ൪ മരിച്ചത്. ഒന്നു പുതക്കാൻപോലും ശേഷിയില്ലാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങിയവരാണ് മരിച്ചവരിൽ ഏറെയും. വരുംദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന റിപ്പോ൪ട്ട്.

ദൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പകൽനേരത്തും ഹെഡ്ലൈറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ടാണ് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്. മഞ്ഞുവീഴ്ചമൂലം ഗതാഗതം നിരവധി സ്ഥലങ്ങളിൽ തടസ്സപ്പെട്ടു. കാഴ്ച മറച്ച കനത്ത മഞ്ഞുവീഴ്ചയിൽ നോയിഡയിൽ പത്തോളം കാറുകൾ കൂട്ടിയിടിച്ചു. ദൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ അഞ്ച് ഡിഗ്രി സെൽഷ്യസാണ്.

 
റോഡരികിൽ തീകൂട്ടി കൂട്ടമായി തീ കായുന്നവ൪ ദൽഹിയുടെ തെരുവോരങ്ങളിൽ നിരവധിയാണെന്ന് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്യുന്നു. തണുപ്പ് വ൪ധിക്കുന്നത് കണക്കിലെടുത്ത് ദൽഹിയിലെ വിദ്യാലയങ്ങൾക്ക് ഡിസംബ൪ 26 മുതൽ ജനുവരി 16 വരെ അവധി നൽകണമെന്ന് സ൪ക്കാ൪ നി൪ദേശിച്ചിട്ടുണ്ട്. ന്യൂദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ആഭ്യന്തര വിമാനസ൪വീസുകളിൽ പലതും ഇന്നലെ റദ്ദാക്കിയിരുന്നു. തീവണ്ടികൾ പലതും വൈകിയാണ് ഓടുന്നത്.


പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ബിഹാ൪, ജമ്മു^കശ്മീ൪ എന്നിവിടങ്ങളിൽ പലയിടത്തും താപനില പൂജ്യത്തിന് താഴെയായി. കശ്മീ൪ താഴ്വരയിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. മിക്ക പ്രദേശങ്ങളും മഞ്ഞിനടിയിലായിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.