പേരാവൂ൪: രക്താ൪ബുദം ബാധിച്ച മകളെ ചികിത്സിക്കാൻ കിടപ്പാടം വിൽക്കേണ്ടി വന്ന പിതാവിന് വീണ്ടും ദുരിതത്തിൻെറ നാളുകൾ. തൊണ്ടിയിലെ ചേലക്കാട്ട് കബീറെന്ന ക൪ഷകനാണ് മകളുടെ തുട൪ ചികിത്സക്ക് വഴിയില്ലാതെ വാടക വീട്ടിൽ കഴിയുന്നത്.
മൂന്നു പെൺമക്കളുള്ള കബീറിൻെറ ഇളയമകൾ അജിന(11)ക്ക് മൂന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് രക്താ൪ബുദം ഉള്ളതായി കണ്ടെത്തിയത്. നാലര വ൪ഷത്തോളമായി തിരുവനന്തപുരം റീജനൽ കാൻസ൪ സെൻററിൽ ചികിത്സയിലിരുന്ന മകൾക്കായി ഉണ്ടായിരുന്ന ഒരേക്ക൪ ഭൂമിയും കിടപ്പാടവും വിൽക്കേണ്ടി വന്നു. ചികിത്സക്കായി തിരുവനന്തപുരത്ത് വാടകവീടെടുത്തായിരുന്നു കബീറും കുടുംബവും താമസിച്ചത്.
മറ്റ് രണ്ടു പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഇതിനിടയിൽ കബീറിനെ ബുദ്ധിമുട്ടിലാക്കി. കൈയിൽ പണമില്ലാതായതോടെ തിരുവനന്തപുരത്തെ ചികിത്സ മതിയാക്കേണ്ടി വന്നു.
തുട൪ന്ന് അജിനയുടെ കണ്ണുകൾക്ക് കാഴ്ചശക്തി കുറഞ്ഞു വരുന്നതായും വെളിച്ചത്തെ ഭയപ്പെടുന്നതായും ഡോക്ട൪മാ൪ വിധിയെഴുതി. സ്വകാര്യാശുപത്രിൽ എത്തിച്ച് ആഴ്ചയിൽ രണ്ടുതവണ അജിനക്ക് രക്തം നൽകണം. അയൽവാസികളും നാട്ടുകാരുമാണ് രക്തം ദാനം ചെയ്യുന്നത്.
പേരാവൂ൪ സെൻറ് ജോൺസ് യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാ൪ഥിനിയായ അജിന കാഴ്ചപ്രശ്നം മൂലം ഇപ്പോൾ പഠനം നി൪ത്തിയിരിക്കുകയാണ്.
രോഗം മാറ്റണമെങ്കിൽ വൻ തുക ചികിത്സക്കായി വേണമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ഏതുനേരവും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന വാടക വീട്ടിൽ മകളുടെ തുട൪ ചികിത്സക്കും സ്വന്തമായി കിടപ്പാടത്തിനും സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് കബീറും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.