ഫയര്‍ഫോഴ്സ് ആംബുലന്‍സ് വൈകി; പരിക്കേറ്റ വീട്ടമ്മ മരിച്ചു

സുൽത്താൻ ബത്തേരി: ഫയ൪ ഫോഴ്സിൻെറ ആംബുലൻസ് വിട്ടുകിട്ടാൻ വൈകിയതിനെ തുട൪ന്ന് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ ഫയ൪ഫോഴ്സ് ഓഫിസ് ഉപരോധിച്ച നാട്ടുകാ൪ ഓഫിസറെ തടഞ്ഞുവെച്ചു. മുത്തങ്ങ എടത്തറയിൽ ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ മറ്റു ആംബുലൻസുകൾ കിട്ടാതിരുന്നതിനെ തുട൪ന്ന് ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. അയൂബ് ബത്തേരി ഫയ൪സ്റ്റേഷനിൽ ആംബുലൻസിന് വേണ്ടി ബന്ധപ്പെടുകയായിരുന്നു. മേലുദ്യോഗസ്ഥൻെറ അനുമതിയുണ്ടെങ്കിലേ ആംബുലൻസ് വിട്ടുതരാൻ കഴിയുകയുള്ളൂവെന്നായിരുന്നു മറുപടി. ഇതേത്തുട൪ന്ന്, മേലുദ്യോഗസ്ഥൻെറ മൊബൈൽ നമ്പറിൽ പഞ്ചായത്ത് പ്രസിഡൻറ് ബന്ധപ്പെട്ടു. ഓഫിസിലെത്തി 1500 രൂപ അഡ്വാൻസ് അടച്ചാൽ മാത്രമേ ആംബുലൻസ് തരാൻ കഴിയൂവെന്നായിരുന്നു  മറുപടി. നടപടിക്രമങ്ങൾ പാലിച്ച് ആംബുലൻസ് എത്തുമ്പോഴേക്കും ഒരുമണിക്കൂ൪ കഴിഞ്ഞു. അപ്പോഴേക്കും പഴേരി വാലുമ്മത്തൊടുകയിൽ പാത്തുമ്മ മരണപ്പെട്ടു. രോഷാകുലരായ നാട്ടുകാ൪ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ പിന്നീട് ഫയ൪ഫോഴ്സ് ഓഫിസ് ഉപരോധിച്ചു. ഓഫിസ൪ സദാനന്ദനെ തടഞ്ഞുവെച്ചു. ജില്ലാ കലക്ട൪ സ്ഥലത്തെത്തിയാൽ മാത്രമേ സമരത്തിൽനിന്ന് പിൻവാങ്ങുകയുള്ളൂവെന്ന് സമരക്കാ൪ ശഠിച്ചു. കലക്ടറുടെ നി൪ദേശപ്രകാരം സുൽത്താൻ ബത്തേരി ഡെ. തഹസിൽദാ൪ എൻ.കെ. അബ്രഹാം, ജില്ലാ ഫയ൪ഫോഴ്സ് ഓഫിസ൪ ജി. സിദ്ധകുമാ൪ എന്നിവ൪ ബത്തേരി ഫയ൪ഫോഴ്സ് ഓഫിസിലെത്തി സമരക്കാരുമായി ച൪ച്ച നടത്തി. ഫയ൪ഫോഴ്സ് ഓഫിസ൪ മദ്യപിച്ചെന്ന് നാട്ടുകാ൪ പരാതിപ്പെട്ടു.
ഇതേത്തുട൪ന്ന്, സിദ്ധകുമാറിൻെറ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയി. ഓഫിസ൪ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ട൪ ഉറപ്പുനൽകിയതിനു ശേഷമാണ് സമരക്കാ൪ പിരിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.