അവസാന യു.എസ് സൈനികനും പിന്‍വാങ്ങി

ബഗ്ദാദ്: ഒമ്പതു വ൪ഷം നീണ്ട പ്രത്യക്ഷ അധിനിവേശത്തിന് വിരാമമിട്ട് അവസാന യു.എസ് സൈനികനും ഇറാഖിൽനിന്ന് പിൻവാങ്ങി. ഇറാഖിൽ അവശേഷിച്ച അവസാന നിലയത്തിൽനിന്ന് 110ഓളം വാഹനങ്ങളിലായി 500ഓളം സൈനിക൪ കുവൈത്തിലേക്ക് കടന്നതോടെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഒൗദ്യോഗികമായി അവസാനിച്ചു. ഡിസംബ൪ 31ന് മുമ്പായി അമേരിക്കയുടെ സൈനിക പിന്മാറ്റം പൂ൪ത്തിയാക്കുമെന്ന് യു.എസ് ഭരണകൂടം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബഗ്ദാദിലെ എംബസി പ്രവ൪ത്തനങ്ങൾക്കായി  157 യു.എസ് സൈനിക൪ മാത്രമാണ് ഇപ്പോൾ ഇറാഖിൽ അവശേഷിക്കുന്നത്.    
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.30നാണ് സൈനിക൪ ഇറാഖ് അതി൪ത്തി കടന്നത്. ‘ഇതൊരു ചരിത്ര നിമിഷമാണ്. ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ ഇക്കാലംകൊണ്ടായി’ -അധിനിവേശ കാലം മുഴുവൻ ഇറാഖിൽ ചെലവഴിച്ച ക്രിസ്റ്റ്യൻ ഷൂൽറ്റ്സ് എന്ന സൈനികൻ പറഞ്ഞു.
യു.എസ് സൈനിക പിന്മാറ്റം ഇറാഖിൽ നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ടെങ്കിലും പലരും കനത്ത ആശങ്കയോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. രാജ്യത്തിൻെറ ഭാവിയെക്കുറിച്ച് ഇനിയും വ്യക്തമായ ചിത്രം രൂപപ്പെട്ടിട്ടില്ല. മാത്രമല്ല, ഇറാഖിൽ വംശീയ സംഘ൪ഷങ്ങൾ രൂക്ഷമായതും സ്ഥിരതയാ൪ന്ന ഭരണകൂടത്തിൻെറ അഭാവവും വിമ൪ശത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, സൈനിക പിന്മാറ്റത്തിൽ ഇറാഖിലെ പല സ്ഥലങ്ങളിലും ആഹ്ളാദപ്രകടനങ്ങൾ നടന്നതായും റിപ്പോ൪ട്ടുണ്ട്.  
2003ലെ അധിനിവേശ സമയത്ത് ഇറാഖിൽ അമേരിക്കയുടെ ഒന്നേമുക്കാൽ ലക്ഷത്തോളം സൈനികരാണുണ്ടായിരുന്നത്. 500ലധികം സൈനികനിലയങ്ങളും അമേരിക്ക ഇവിടെ സ്ഥാപിച്ചിരുന്നു. ഒമ്പതു വ൪ഷത്തിനിടെ 4500 സൈനിക൪ ഇറാഖിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാലയളവിനുള്ളിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാഖികളുടെ എണ്ണം ലക്ഷത്തിലേറെ വരും. അമേരിക്കയുടെ യുദ്ധച്ചെലവ് കണക്കാക്കിയിരിക്കുന്നത് ട്രില്യൻ യു.എസ് ഡോളറാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.