കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവം: കുഞ്ഞിനെ ഒരാഴ്ചകൂടി വനിതാ-ശിശു ആശുപത്രിയില്‍ പരിചരിക്കും

ആലപ്പുഴ: പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനെ മാതാവ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മാതാവിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുഞ്ഞിനെ ഒരാഴ്ചകൂടി ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ പരിചരിക്കാൻ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ഉത്തരവിട്ടു.
24ന് ചേരുന്ന വെൽഫെയ൪ കമ്മിറ്റി സിറ്റിങ്ങിൽ അമ്മയെയും അവരുടെ മൂത്തകുട്ടിയെയും ഹാജരാക്കാനും നി൪ദേശിച്ചിട്ടുണ്ട്. ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന മാതാവിൻെറ വെളിപ്പെടുത്തൽ കമ്മിറ്റി വിലയിരുത്തുമെന്നും മൂത്തകുട്ടിയുടെ കാര്യത്തിൽ മാതാവിന് കുട്ടിയെ വള൪ത്താൻ കഴിയുമോയെന്ന് അന്വേഷിക്കുമെന്നും അഡ്വ. എം.കെ. അബ്ദുൽ സമദ് പറഞ്ഞു.
 കുഞ്ഞിനെ സംരക്ഷിക്കാൻ മാതാവിന് കഴിയാത്ത സാഹചര്യമാണെങ്കിൽ ബാലനിയമം അനുസരിച്ച് നടപടികൾ സ്വീകരിക്കും.
ഭ൪ത്താവ് മരിച്ചുപോയ ആലപ്പുഴ നെഹ്റുട്രോഫി വാ൪ഡ് സ്വദേശിനി അമൃതവല്ലിയാണ് (36) കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇവ൪ക്ക് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.
കുഞ്ഞിൻെറ പിതാവ് ആരെന്ന് വ്യക്തമായാൽ അയാളെയും വെൽഫെയ൪ കമ്മിറ്റി മുമ്പാകെ ഹാജരാക്കാൻ നി൪ദേശമുണ്ടായേക്കും. മറ്റ് അംഗങ്ങളായ അഡ്വ. രാമചന്ദ്രൻ നായ൪, അഡ്വ. ഒ. ഹാരിസ്, ജെ. വത്സല എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പല്ലന സ്വദേശികളായ ദമ്പതികൾക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ തിരികെ ലഭിക്കാൻ മാതാവ് ചൈൽഡ് വെൽഫെയ൪ കമ്മിറ്റിക്ക് തിങ്കളാഴ്ച അപേക്ഷ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.