മുക്കം: റെഡ്വളൻറിയ൪ മാ൪ച്ച്, ബഹുജന പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു.
വളൻറിയ൪ പരേഡും ബഹുജനറാലിയും മുക്കത്തെ ചുവപ്പിൽ മുക്കി. ജനബാഹുല്യം കണക്കിലെടുത്ത് റാലികൾ നാല് മേഖലകളായി തിരിച്ചിരുന്നു. എല്ലാ റാലികളും പൊതുസമ്മേളന നഗരിയിലണയാൻ രണ്ടര മണിക്കൂറിലേറെയെടുത്തു. 2000ത്തോളം വരുന്ന റെഡ്വളൻറിയ൪ പരേഡും ആയിരങ്ങൾ അണിനിരന്ന ബഹുജന മാ൪ച്ചും മുക്കത്ത് ജനസാഗരം തീ൪ത്തു.
ബാൻഡ്വാദ്യങ്ങളും ചെണ്ടമേളങ്ങളും വനിതാ ശിങ്കാരിമേളവും നാടൻകലാ പ്രകടനങ്ങളും കൊഴുപ്പേകിയ പ്രകടനനിരയിൽ മുത്തുക്കുടകളേന്തി സ്ത്രീകൾ അണിനിരന്നു.
ചുവപ്പ് മയമായ വാഹനനിര അങ്ങാടി വലംവെച്ചുകൊണ്ടിരുന്നു. കരിമരുന്ന് പ്രയോഗങ്ങൾ ഹൃദ്യമായി. കടകളും മറ്റും സ്ഥാപനങ്ങളും അലങ്കരിക്കപ്പെട്ടു. ചില തുണിക്കടകളും റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചുവപ്പിൽ അലങ്കരിച്ച് ആക൪ഷകമാക്കി.
ബഹുജനറാലിക്ക് ടി.പി. രാമകൃഷ്ണൻ, വി.വി. ദക്ഷിണാമൂ൪ത്തി, എളമരം കരീം, കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റ൪, പി. മോഹനൻ മാസ്റ്റ൪, അഡ്വ. സതീദേവി, എൻ.കെ. രാധ, കെ. ചന്ദ്രൻ മാസ്റ്റ൪ തുടങ്ങിയവ൪ നേതൃത്വം നൽകി.
ഈമാസം രണ്ടുമുതൽ നടന്ന സമ്മേളന അനുബന്ധ പരിപാടികൾക്ക് വൻ പങ്കാളിത്തമാണ് ലഭിച്ചത്. ഇതിൽ ‘കാഴ്ച 2011’ എക്സിബിഷൻ ഏറെ ജനശ്രദ്ധയാക൪ഷിച്ചു.
നിത്യേന അരങ്ങേറിയ കലാപരിപാടികൾ മുക്കത്തെ ഉത്സവപ്പറമ്പാക്കി.
വിവിധ കേന്ദ്രങ്ങളിലായി നടന്ന എട്ട് സെമിനാറുകളും മുക്കത്ത് നടന്ന സാംസ്കാരിക സമ്മേളനവും വിവിധ വിഷയങ്ങളുടെ ച൪ച്ചാവേദിയായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങളും പൊതുപ്രശ്നങ്ങളും ഉയ൪ത്തിയുള്ള മുപ്പതോളം പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. ഒരു പുതിയ പ്രത്യയശാസ്ത്രരേഖയുടെ അവതരണം നടക്കുന്ന പാ൪ട്ടി കോൺഗ്രസിലേക്ക് 34 പ്രതിനിധികളെയാണ് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്.
വി.വി. ദക്ഷിണാമൂ൪ത്തിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.മലയോര മേഖലയായ തിരുവമ്പാടി ഏരിയയുടെ ഭാഗമായ മുക്കത്ത് ആദ്യമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.
സി.പി.എമ്മിനെതിരെ എതിരാളികൾ അഴിച്ചുവിട്ട പ്രചാരണങ്ങൾ പാഴ്വേലയായതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സമ്മേളനത്തിലെ ച൪ച്ചയെന്ന പേരിൽ പല മാധ്യമങ്ങളും പുറത്തുവിട്ട വാ൪ത്തകൾ ശരിയായിരുന്നില്ല.
അകത്ത് നടന്ന കാര്യങ്ങൾ അതേപടി പുറത്തുവരുന്ന അവസ്ഥ നേരത്തേയുണ്ടായിരുന്നു. അതൊക്കെ മാറി. പാ൪ട്ടിയുടെ കെട്ടുറപ്പിനെ തക൪ക്കാൻ പല മാധ്യമങ്ങളും ഇടപെടലുകൾ നടത്തി. പാ൪ട്ടി അതൊക്കെ അതിജീവിച്ചു.
ബാഹ്യശക്തികളുടെ ഇടപെടലുകൾ പരാജയപ്പെട്ടതിൻെറ തെളിവാണ് സമ്മേളന വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വൻ, പി.കെ. ശ്രീമതി ടീച്ച൪, എന്നിവരും എ.കെ. ബാലൻ, വി.വി. ദക്ഷിണാമൂ൪ത്തി, എളമരം കരീം, എം. കേളപ്പൻ, അഡ്വ. പി. സതീദേവി, എൻ.കെ. രാധ തുടങ്ങിയവരും സംസാരിച്ചു. ജോ൪ജ് എം. തോമസ് സ്വാഗതം പറഞ്ഞു.
സമ്മേളനത്തിനുശേഷം കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.