തമിഴ്നാട്ടിലും പുതുച്ചേരിയിലും മലയാളികള്‍ക്കുനേരെ അക്രമം

ചെന്നൈ: മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ തമിഴ്നാട്ടിലെ മലയാളികളുടെ സ്ഥാപനങ്ങൾക്കു നേരെ വ്യാപക അക്രമം. കേരളത്തിലെ ഉടുമ്പൻചോലയിൽ തമിഴ് തൊഴിലാളി കുടുംബങ്ങൾക്കു നേരെ കൈയേറ്റമുണ്ടായെന്ന പ്രചാരണമാണ് വ്യാഴാഴ്ചത്തെ അക്രമങ്ങൾക്കു പിന്നിൽ. കേരളത്തിൽനിന്ന് ഏതാനും തമിഴ് കുടുംബങ്ങൾ ദേവാരം വഴി തമിഴ്നാട്ടിലെത്തി.

ഇവരിൽ സ്ത്രീകളെ കേരളത്തിലുള്ളവ൪ കൂട്ടമാനഭംഗത്തിനിരയാക്കിയതായും പുരുഷന്മാരെ തല്ലിപ്പരിക്കേൽപിച്ചതായും ‘കലൈജ്ഞ൪ ടി.വി’ ഉൾപ്പെടെ ഡി.എം.കെ അനുകൂല പത്ര-ദൃശ്യ മാധ്യമങ്ങൾ നടത്തിവരുന്ന പ്രചാരണത്തെ തുട൪ന്നാണ് മലയാളികളുടെ സ്ഥാപനങ്ങൾക്കു നേരെ അക്രമമുണ്ടായത്.


ഈറോഡിൽ ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളുമുൾപ്പെടെ മലയാളികളുടെ നൂറുകണക്കിന് സ്ഥാപനങ്ങൾക്കുനേരെ നിയമവിദ്യാ൪ഥികളും ഗുണ്ടാസംഘങ്ങളും അക്രമം നടത്തി. ജോസ് ആലൂക്കാസ് ജ്വല്ലറിയിലെ അലങ്കാരവിളക്കുകൾ, ഫ്ളക്സ് ബാനറുകൾ, ജനൽചില്ലുകൾ തുടങ്ങിയവ തല്ലിത്തക൪ത്തു. മുത്തൂറ്റ് ഫിൻകോ൪പ് ശാഖയുടെ വാതിൽ തല്ലിത്തക൪ത്ത് ഉള്ളിൽ കയറിയ അക്രമിസംഘം കസേരകളും ഉപകരണങ്ങളും തല്ലിത്തക൪ത്തു. ജീവനക്കാ൪ക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. പൊലീസിൻെറ കൺമുന്നിലാണ് സംഭവങ്ങൾ അരങ്ങേറിയതെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. അമ്പതോളം പേ൪ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.


ഹോട്ടലുകൾ, തുണിക്കടകൾ, കൂൾബാറുകൾ എന്നിവക്കുനേരെയും അക്രമമുണ്ടായി. സംഭവത്തെ തുട൪ന്ന് ഈറോഡിലെ മലയാളികളുടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ തമിഴ്നാട് സ൪ക്കാറിന് അനുകൂലമായി ഒരു ദിവസം കടയടച്ച് ഹ൪ത്താലാചരിച്ചവരാണ് ഈറോഡിലെ മലയാളി വ്യാപാരികൾ.


മധുര ജില്ലയിലെ മിക്ക സ്ഥലങ്ങളിലും വ്യാഴാഴ്ച അക്രമമുണ്ടായതിനെ തുട൪ന്ന് മലയാളികളുടെ കടകൾ അടച്ചുപൂട്ടി. തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങളിലും മലയാളികൾക്കെതിരെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.
പുതുച്ചേരിയിലെ മുതിയാൽപേട്ട, കാമരാജ൪ റോഡ് എന്നിവിടങ്ങളിൽ മലയാളികളുടെ ധനകാര്യ സ്ഥാപനങ്ങളും ജ്വല്ലറികളും ബേക്കറികളും വ്യാഴാഴ്ച തല്ലിത്തക൪ത്തു. ‘നാം തമിഴ൪ മൂവ്മെൻറ്’, ലിബറേഷൻ പാന്തേഴ്സ് പ്രവ൪ത്തകരാണ് അക്രമം നടത്തിയത്. സംഭവത്തെ തുട൪ന്ന് പുതുച്ചേരിയിലെ മലയാളികളുടെ കടകൾ അടച്ചുപൂട്ടി.


കമ്പം ഡി.എം.കെ എം.എൽ. എ രാമകൃഷ്ണൻെറ ഉടമസ്ഥതയിൽ ഉടുമ്പൻചോലയിൽ പ്രവ൪ത്തിക്കുന്ന പെട്രോൾ പമ്പിനു നേരെ കഴിഞ്ഞ ദിവസം അക്രമം നടന്നതോടെയാണ് ഡി. എം.കെ മലയാളികൾക്കെതിരെ പ്രചാരണം ശക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.