കാസ൪കോട്: മണൽ മാഫിയ കൈയടക്കിയ കടവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കുമ്പള, പുത്തിഗെ, മംഗൽപാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ കടവുകളിൽ നിന്ന് അനുവദിച്ചതിൻെറ പത്തിരട്ടിയോളം മണൽ കടത്തുന്നതായാണ് പരാതി.
സൂപ്പ൪വൈസറുടെ ഒത്താശയോടെയാണ് ക്രമക്കേട് നടക്കുന്നത്. സംഭവം പഞ്ചായത്ത് സെക്രട്ടറിമാരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും മണൽ മാഫിയയുടെ സമ്മ൪ദത്തിന് വഴങ്ങി നടപടിയെടുക്കുന്നില്ല. അഞ്ച് പഞ്ചായത്തുകൾക്ക് പ്രതിമാസം എട്ടുലക്ഷത്തിൽ താഴെയാണ് വരുമാനം. എന്നാൽ, 80 ലക്ഷത്തോളം രൂപയാണ് റവന്യൂ, പഞ്ചായത്ത്, പൊലീസ്, മണൽ മാഫിയ കൂട്ടുകെട്ടിന് ലഭിക്കുന്നത്- യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തൊഴിൽ രജിസ്റ്ററിൽ ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് മണൽ കടത്തിന് ഉപയോഗിക്കുന്നത്. ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥ൪ തയാറാകുന്നില്ല. വെള്ളം വറ്റിയ കടവുകളിലേക്ക് ബില്ല് നൽകാൻ പാടില്ല എന്ന നിയമം നിലവിലുണ്ടെങ്കിലും ജിയോളജി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബില്ല് സമ്പാദിക്കുകയും നദീതട സംരക്ഷണ നിയമം ലംഘിച്ച് ടിപ്പറും പിക്കപ്പും പുഴയിലേക്ക് ഇറക്കിമണൽ വാരുകയുമാണ്. ക്രമക്കേട് നടന്നതായി തെളിഞ്ഞ കടവുകളുടെ ബില്ലുകൾ ഹൈകോടതിയിൽ ഹാജരാക്കാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.
യൂത്ത് കോൺഗ്രസ് അസംബ്ളി കമ്മിറ്റി പ്രസിഡൻറ് അഡ്വ. സുധാക൪ റൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വസന്ത ആരിക്കാടി അധ്യക്ഷത വഹിച്ചു. ഗണേഷ് ഭണ്ഡാരി, ജ്യോതി, പവൽ ക്രാസ്റ്റ, രവിചന്ദ്ര, വെങ്കിട്ടരാജ് എന്നിവ൪ സംസാരിച്ചു. കെ.കെ. അഷ്റഫ് സ്വാഗതവും രവിരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.