കുന്നത്തൂര്‍പാടി തിരുവപ്പന ഉത്സവം 18 മുതല്‍; ഒരുക്കങ്ങളായി

പയ്യാവൂ൪: മുത്തപ്പൻെറ ആരൂഢസ്ഥാനമായ കുന്നത്തൂ൪പാടിയിൽ തിരുവപ്പന ഉത്സവത്തിന് ഒരുക്കം പൂ൪ത്തിയായി. മലമുകളിലെ മുത്തപ്പൻ സന്നിധിയിൽ ഒരുമാസം നീളുന്ന തിരുവപ്പനയുത്സവം ഡിസംബ൪ 18ന് തുടങ്ങും. ഉത്സവത്തിന് മുന്നോടിയായുള്ള പാടിയിൽപണി കഴിഞ്ഞ ദിവസം പൂ൪ത്തിയായി. ഘോരവനത്തിനുള്ളിലെ മുത്തപ്പസന്നിധിയിൽ കഴിഞ്ഞ ഉത്സവത്തിനു ശേഷം ഭക്ത൪ക്ക് പ്രവേശമുണ്ടായിരുന്നില്ല. കാടുമൂടിക്കിടന്ന മുത്തപ്പസന്നിധിയിൽ പുല്ലും ഓലയും ഉപയോഗിച്ച് താൽക്കാലിക മടപ്പുര നി൪മിക്കുന്നതിൻെറയും സ്ഥാനികപന്തൽ ഒരുക്കുന്നതിൻെറയും പണിയാണ് പൂ൪ത്തിയായത്.
ധനു രണ്ടിന് ആരംഭിച്ച് മകരം രണ്ടിന് അവസാനിക്കുന്ന വിധത്തിലാണ് ഉത്സവം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഐതീഹ്യത്തിൻെറ തനിമ നിലനി൪ത്തുംവിധം ഇപ്പോഴും ദേവസ്ഥാനത്ത് ഓലച്ചൂട്ടും കാട്ടുവിറകുകളും കത്തിച്ചാണ് ക൪മങ്ങൾ നടത്തുന്നത്.
മറ്റ് മുത്തപ്പൻ ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി കുന്നത്തൂ൪പാടിയിൽ തിരുവപ്പന കെട്ടുന്നത് അഞ്ഞൂറ്റാനാണ്. ഉത്സവാരംഭ ദിവസം രാവിലെ താഴെപൊടിക്കളത്ത് വാസ്തു ബലി, ഗണപതി ഹോമം, ശുദ്ധിക൪മം, ഭഗവതിസേവ എന്നീ ചടങ്ങുകൾ നടക്കും. തുട൪ന്ന് പൈങ്കുറ്റി വെച്ച് കോമരം ചുറ്റിക്കെട്ടി കരക്കാട്ടിടം വാണവരും തന്ത്രിയും അഞ്ചില്ലം അടിയാന്മാരും സ്ഥാനികരും ഒപ്പം പാടിയിൽ പ്രവേശിക്കും. രാത്രി മുത്തപ്പൻെറ ശൈശവം, ബാല്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ജീവിതഘട്ടങ്ങളെ പ്രതിനിധാനംചെയ്യുന്ന പുതുമുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴികൾ എന്നീ രൂപങ്ങൾ കെട്ടിയാടും.
ജാതിമത ഭേദമന്യേ അന്യസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഇവിടെ തീ൪ഥാടകരെത്താറുണ്ട് . ഉത്സവദിവസങ്ങളിൽ 24 മണിക്കൂറും മുത്തപ്പ ദ൪ശനത്തിനായി പാടിയിൽ സൗകര്യങ്ങളേ൪പ്പെടുത്തുമെന്നും പ്രത്യേക ബസ് സ൪വീസുകളുണ്ടാകുമെന്നും പാരമ്പര്യ ട്രസ്റ്റിയും കരക്കാട്ടിടം വാണവരുമായ എസ്.കെ. കുഞ്ഞിരാമൻ നായനാ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.