ട്രാഫിക് നിയമലംഘനം പിടികൂടാന്‍ നഗരത്തില്‍ 52 കാമറകള്‍ കൂടി

കോഴിക്കോട്: നഗരപരിധിയിലെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ക൪ശന നടപടി ലക്ഷ്യമിട്ട് സിറ്റി പൊലീസ് 52 കാമറകൾ കൂടി വിവിധയിടങ്ങളിൽ സ്ഥാപിക്കുന്നു. ഇതോടെ, രാപകൽ വ്യത്യാസമില്ലാതെ നഗരം നിരീക്ഷിക്കുന്ന കാമറകളുടെ എണ്ണം എഴുപതാകും.
മൊത്തം ഒരുകോടിയിലേറെ രൂപയാണ് കാമറകൾക്ക് ചെലവിട്ടത്.
ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിക്കുക, ബൈക്കിൽ മൂന്നുപേരെ കയറ്റുക, തിരിയുമ്പോഴും മറ്റും മതിയായ സിഗ്നലുകൾ നൽകാതിരിക്കുക, റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ നി൪ത്തിയിടുക, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുക, വാഹനങ്ങളിൽ കുത്തിനിറച്ച് ആളെ കയറ്റുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവ നഗരപരിധിയിലെവിടെ ഉണ്ടായാലും ഇനി കൺട്രോൾ റൂമിലിരുന്ന് പൊലീസുകാ൪ക്ക് വീക്ഷിക്കാനും മേൽ നടപടികൾ കൈക്കൊള്ളാനുമാവും.
 നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പറുകൾ ശേഖരിച്ച് വിവരം ട്രാഫിക് പൊലീസിന് കൈമാറുകയാണ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥ൪  ചെയ്യുക. കുറ്റം നിഷേധിച്ചാൽ ഇതുസംബന്ധിച്ച തെളിവ് കൺട്രോൾ റൂമിൽ നിന്ന് ആവശ്യക്കാ൪ക്ക് ലഭിക്കും.
പൂവാലന്മാരുടെ വിളയാട്ടവും  കാമറകൾ നിരീക്ഷിക്കും. പിടികിട്ടാപ്പുള്ളികളായ വൻ കുറ്റവാളികൾ നഗരത്തിലെത്തിയെന്ന് രഹസ്യ വിവരം ലഭിച്ചാൽ ഇവരെ പിടികൂടാനും കാമറകൾ സഹായമാവുമെന്ന് പൊലീസ് പറയുന്നു.
ബൈക്കിലെത്തി മാല പൊട്ടിക്കുന്നവരുടെ ബൈക്കിൻെറ നമ്പ൪ പെട്ടെന്ന് അറിയിച്ചാൽ വിവിധയിടങ്ങളിൽ നിരീക്ഷണം നടത്തി ബൈക്ക് പിടികൂടാനും കാമറ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.