ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലേക്ക് ചൈനയുടെ കടന്നുകയറ്റം. ചമോലിയിലെ ബാരാഹോട്ടിയില്‍ 80 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൈതാന ഭാഗത്താണ് ചൈനീസ് സേന കടന്നുകയറിയത്. ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം വന്ന സ്ഥിതിയുണ്ടായെന്നും ഒരു മണിക്കൂറിനുശേഷം ഇരുപക്ഷവും പിന്‍വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. സംഭവം മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്ഥിരീകരിച്ചു. സംഭവവികാസം ഉത്കണ്ഠജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ അതിര്‍ത്തി മേഖല പൊതുവെ ശാന്തമാണ്. ജാഗ്രത ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വം കാണുമെന്നാണ് ഉറച്ച വിശ്വാസം. അവിടത്തെ പ്രധാന കനാലിലേക്ക് ചൈനീസ് പട്ടാളം കടന്നത്തൊതിരുന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു നുഴഞ്ഞുകയറ്റമാണോ അവിചാരിതമായി കയറിയതാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കടന്നുകയറ്റത്തെക്കുറിച്ച് ഈ മാസം 19ന് ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസ് (ഐ.ടി.ബി.പി) ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചൈനയുമായി 350 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സേന ഉത്തരാഖണ്ഡിലേക്ക് പലവട്ടം കടന്നുകയറ്റം നടത്തിയിട്ടുണ്ട്. ചമോലിയില്‍ മുമ്പൊരിക്കല്‍ എത്തിയ പട്ടാളം, പാറയില്‍ ‘ചൈന’ എന്ന് എഴുതിയ ശേഷമാണ് തിരിച്ചുപോയത്. 2013ലും 2014ലും നിരീക്ഷണസംഘങ്ങളുടെ കടന്നുകയറ്റം നടന്നു. വ്യോമാതിര്‍ത്തി ലംഘിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അരുണാചല്‍പ്രദേശ് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍നിന്നും ലഡാക്ക് ഉള്‍പ്പെടുന്ന പടിഞ്ഞാറല്‍ മേഖലയില്‍നിന്നും വ്യത്യസ്തമാണ് ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ സ്ഥിതി. ഈ മധ്യമേഖലയുടെ ഭൂപടം ഇന്ത്യയും ചൈനയും പരസ്പരം കൈമാറിയിട്ടുള്ളതാണ്. ഈ പ്രദേശത്ത് ഇന്ത്യന്‍ സേന ആയുധം കൊണ്ടുനടക്കാറില്ല. യൂനിഫോം ധരിക്കാറുമില്ല. അരുണാചല്‍പ്രദേശിലേക്കും ഇടക്കിടക്ക് ചൈനീസ് സേന കടന്നുകയറാറുണ്ട്. കഴിഞ്ഞ ജൂണിലും സംസ്ഥാനത്തിന്‍െറ കിഴക്കന്‍ ജില്ലയിലേക്ക് ചൈനയുടെ 250ഓളം പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറിയിരുന്നു.
ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിന് ചൈന വിലങ്ങുതടിയായി നിന്നശേഷം ഇന്ത്യ-ചൈന ബന്ധം സുഖകരമല്ല. ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ സിന്‍ഹുവയുടെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ കാലാവധി നീട്ടിനല്‍കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ചൈനയുടെ കടന്നുകയറ്റങ്ങളെക്കുറിച്ച ചോദ്യത്തിന് ഈ വര്‍ഷമാദ്യം പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടി ഇങ്ങനെ: ‘ഇന്ത്യക്കും ചൈനക്കുമിടയില്‍ ‘യഥാര്‍ഥ നിയന്ത്രണരേഖ’ ഇല്ല. ഇത്തരമൊരു അതിര്‍ത്തിരേഖയുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്ന പല പ്രദേശങ്ങളുമുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയെക്കുറിച്ച അവരവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പട്രോളിങ് നടക്കുന്നത്. അതുകൊണ്ട് ഇടക്ക് കടന്നുകയറ്റം ഉണ്ടാകുന്നു. എന്നാല്‍, ഇന്ത്യന്‍ ഭൂവിഭാഗത്തിലേക്ക് ചൈനയുടെ നുഴഞ്ഞുകയറ്റം നടന്നിട്ടില്ല.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.