മികവുപുലർത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇന്‍ക്രിമെൻറില്ല

ന്യൂഡല്‍ഹി: ജോലിയില്‍ മികവുപുലർത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാര്‍ഷിക ഇന്‍ക്രിമെൻറ്​ ഇല്ല. നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെൻറും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഏഴാം ശമ്പള പരിഷ്കരണ കമീഷൻ നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്.

അടിസ്ഥാന പ്രവര്‍ത്തന നിലവാരമില്ലാത്തവരെ ഭാവി വാര്‍ഷിക ഇന്‍ക്രിമെന്‍റുകള്‍ക്ക് പരിഗണിക്കേണ്ടെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പ്രമോഷനും ഇന്‍ക്രിമെന്‍റും സമയാസമയം ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നതെന്ന് ശമ്പള കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജോലിയുടെ ആദ്യ 20 വര്‍ഷത്തിനകം തൊഴില്‍ മികവ്​ കൈവരിക്കാത്തവരുടെ വാര്‍ഷിക ഇന്‍ക്രിമെന്‍റ് തടഞ്ഞുവെക്കണമെന്ന ശിപാര്‍ശ അംഗീകരിച്ചതായി  വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

 പ്രമോഷന്‍, ഇൻക്രിമെൻറ്​ എന്നിവക്ക്​ പരിഗണിക്കുന്ന പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടി​െൻറ അടിസ്ഥാന സൂചിക ‘നല്ലത് (ഗുഡ്)’ എന്നതില്‍നിന്ന് ‘വളരെ നല്ലത് (വെരി ഗുഡ്)’ ആയി ധനമന്ത്രാലയം ഉയര്‍ത്തി നിശ്ചയിച്ചു.  ജനുവരി ഒന്ന്, ജൂലൈ ഒന്ന് എന്നീ തീയതികള്‍ അടിസ്ഥാനമാക്കിയായിരിക്കും വാര്‍ഷിക ഇന്‍ക്രിമെൻറ്​ ലഭിക്കുക. നിയമന തീയതിക്ക് അനുസൃതമായി ഇതില്‍ ഒരു തീയതിയില്‍ വാര്‍ഷിക ഇന്‍ക്രിമെന്‍റ് നല്‍കും. ഇതുവരെ ജൂലൈ ഒന്നുവെച്ചാണ് ഇന്‍ക്രിമെന്‍റ് നല്‍കിവന്നത്.

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം ആഗസ്റ്റ് മുതല്‍ നല്‍കുന്നതിന് ഗസറ്റ് വിജ്ഞാപനമായി. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് ശമ്പള-പെന്‍ഷന്‍ വര്‍ധന നടപ്പാക്കുന്നത്. കുടിശ്ശിക അടുത്ത മാര്‍ച്ച് 31നകം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.