ദലിതർക്ക്​ ക്ഷേത്രത്തിൽ പ്രവേശനമില്ല; ഇസ്​ലാമിലേക്ക്​ മതം മാറുമെന്ന്​ ദലിത്​കുടുംബങ്ങൾ

നാഗപട്ടണം: സവര്‍ണ്ണര്‍ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഇസ്ലാമിലേക്ക് മതം മാറുമെന്ന്​  തമിഴ്‌നാട്ടിലെ 250 ഓളം ദലിത് കുടുംബങ്ങള്‍. തമിഴ്‌നാട്ടിലെ വേദാരണ്യത്തേയും കാരൂരിലേയും ദളിത് കുടുംബങ്ങളാണ് സവര്‍ണരുടെ വിലക്കില്‍ മനംനൊന്ത് മതം മാറുമെന്ന് പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗപട്ടണം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് വേദാരണ്യം. വേദനാരായണേശ്വര്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രാഘോഷം നടത്താന്‍ സവര്‍ണര്‍ അനുവദിക്കില്ലെന്നാണ് വേദാരണ്യത്തെ പഴങ്ങല്ലിമേഡിലുള്ള 200 ഓളം ദലിത് കുടുംബങ്ങളുടെ പരാതി. പ്രദേശത്തെ മഹാശക്തി അമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന്​ കാരൂർ നാഗമ്പള്ളിയിലെ 35ലധികം ദലിത് കുടുംബങ്ങൾക്കും പരാതിയുണ്ട്​.  ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളും പണം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് പഴങ്ങല്ലിമേഡില്‍ തര്‍ക്കം. ഈ ക്ഷേത്രം മുമ്പ് തങ്ങളുടെ പ്രദേശത്തായിരുന്നുവെന്നും കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയതെന്നും ദലിതരുടെ അവകാശവാദം. മതം മാറുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് അംഗങ്ങള്‍ തങ്ങളെ കാണാന്‍ വന്നിരുന്നുവെന്ന് ദലിതര്‍ അവകാശപ്പെടുന്നു. പ്രശ്‌നപരിഹാരം  ഉടൻ ഉണ്ടാകുമെന്ന ഉറപ്പുമായി ചില ഹിന്ദുത്വ സംഘടനകളും ദലിതരെ സമീപിച്ചിട്ടുണ്ട്​.

ചിത്രത്തിന്​ കടപ്പാട്​ : ദെ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.