പാലക്കാട് ഐ.ഐ.ടി: ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെയുള്ള ആറു പുതിയ ഐ.ഐ.ടികള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സ്ഥാപിക്കുന്നത് സംബന്ധിച്ച് ഭേദഗതിനിയമം ലോക്സഭ പാസാക്കി. ആറു ഐ.ഐ.ടികളുടെ പ്രാരംഭ ജോലികള്‍ക്കായി  230 കോടി രൂപയാണ് വകയിരുത്തിയത്. മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് പുതിയ ഐ.ഐ.ടികള്‍ സ്ഥാപിക്കുന്നതിനുള്ള ഐ.ഐ.ടി (ഭേദഗതി നിയമം) 2016 ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി, തിരുപ്പതി, ഗോവ, ധാര്‍വാര്‍, ഭിലായ് എന്നിവയാണ് പാലക്കാടിനൊപ്പം ഐ.ഐ.ടി ലഭിച്ച മറ്റ് സ്ഥലങ്ങള്‍.   

ഐ.ഐ.ടികളിലെ ഫീസ് 90,000 രൂപയില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തിയത് പുന$പരിശോധിക്കണമെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ എം.ബി. രാജേഷ് എം.പി ആവശ്യപ്പെട്ടു. ഫീസ് കുത്തനെ കൂട്ടിയത് സാധാരണക്കാര്‍ക്ക് ഐ.ഐ.ടിയിലെ പഠനം അപ്രാപ്യമാക്കും. ഐ.ഐ.ടികളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കണം.

2014-15ല്‍ മാത്രം എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട 757 വിദ്യാര്‍ഥികള്‍ക്ക് വിവിധ ഐ.ഐ.ടികളില്‍നിന്ന് പഠനം നിര്‍ത്തി മടങ്ങേണ്ടിവന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പാലക്കാടിന്‍െറ ദീര്‍ഘകാല ആവശ്യമായ ഐ.ഐ.ടി യാഥാര്‍ഥ്യമാകുന്നത്  സന്തോഷകരമാണ്. എം.പിയായതിനുശേഷം ആദ്യം നല്‍കിയ നിവേദനം പാലക്കാട് ഐ.ഐ.ടിക്കുവേണ്ടിയാണ്. ഒരു ഡസനോളം തവണ ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. ഫീസ് താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ മറുപടി നല്‍കി.

ഐ.ഐ.ടികളില്‍ പഠിച്ചിറങ്ങുന്നവര്‍ അമേരിക്കയിലും മറ്റും പോയാണ് ജോലി ചെയ്യുന്നതെന്നും സ്വന്തം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള രാജ്യസ്നേഹം  വളര്‍ത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയ് ആവശ്യപ്പെട്ടു. എന്നാല്‍, ആര്‍.എസ്.എസ് മാതൃകയിലുള്ള രാജ്യസ്നേഹമല്ല പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.