ലോക്സഭാംഗങ്ങള്‍ക്ക് ചോദ്യം ഉന്നയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ന്യൂഡല്‍ഹി: ലോക്സഭാംഗങ്ങള്‍ക്കായുള്ള പ്രത്യേക ഇ-പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.  ഇതോടെ എം.പിമാര്‍ക്ക് സഭയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങളും നല്‍കേണ്ട വിവിധ നോട്ടീസുകളും  ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സംവിധാനമായി. ലോക്സഭയിലെ വിവിധ കമ്മിറ്റി യോഗങ്ങളുടെ സമയക്രമം, ലോക്സഭാ ചര്‍ച്ചകളുടെ വിവരങ്ങള്‍, പരിഗണനക്ക് വരുന്ന നിയമങ്ങളുടെ പകര്‍പ്പ് തുടങ്ങിയവയും എം.പിമാര്‍ക്കുള്ള പോര്‍ട്ടലില്‍ ലഭിക്കും. ലോക്സഭയില്‍ കടലാസിന്‍െറ ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമാണ്  പുതിയ സംവിധാനമെന്ന് സ്പീക്കര്‍ പറഞ്ഞു. സൈബര്‍ യുഗത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രകൃതിയോട് ഇണങ്ങിയും പരിസ്ഥിതി സംരക്ഷിച്ചും പോകുന്നതില്‍ ലോക്സഭ മാതൃകയാകുമെന്നും സ്പീക്കര്‍ പറഞ്ഞു.  സഭാനടപടികള്‍ തടസ്സമില്ലാതെ നടത്താന്‍ സഹകരിക്കാനും ജനാധിപത്യത്തിന്‍െറ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും സ്പീക്കര്‍ എല്ലാ പാര്‍ട്ടി അംഗങ്ങളോടും ആവശ്യപ്പെട്ടു. സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സഭയില്‍ പ്രാതിനിധ്യമുള്ള  പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.